ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി

മണ്ണൂര്‍, കേരളശ്ശേരി, മങ്കര ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 24ന് രാവിലെ 10ന് മണ്ണൂര്‍ കാവ് മൈതാനത്ത് സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നബാര്‍ഡിന്റെ ധനസഹായത്തോടെ 2530 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 70636 പേര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഞാവലിന്‍ കടവില്‍ നിലവിലുള്ള പമ്പ് ഹൗസില്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍, മണ്ണൂര്‍ പഞ്ചായത്തിലെ പേരടിക്കുന്നില്‍ 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, പമ്പ് ഹൗസില്‍ നിന്നും ജലശുദ്ധീകരണശാലയിലേക്കുള്ള പെപ്പ്‌ലൈന്‍, താഴത്തുപുരയില്‍ 2.60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ ജല സംഭരണി, 11 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, കേരളശ്ശേരി പഞ്ചായത്തിലെ ഏറ്റകുന്നില്‍ 8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണി, ജല ശുദ്ധീകരണ ശാലയില്‍ നിന്ന് താഴത്തു പുരയിലേക്കും താഴത്തുപുരയില്‍ നിന്ന് ഏറ്റി കുന്നിലേക്കും പൈപ്പ്‌ലൈന്‍, പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോമര്‍, എന്നിവയുള്‍പ്പെടുന്ന ഒന്നാംഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് നടക്കുക. കോങ്ങാട് എം.എല്‍.എ. കെ.വി. വിജയദാസ് പരിപാടിയില്‍ അധ്യക്ഷനാകും. വാട്ടര്‍ അതോറിറ്റി മനേജിങ് ഡയറക്ടര്‍ ഡോ. എ.കൗശികന്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി , കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി.രവീന്ദ്രന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ബിന്ദു, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ വി .മുരുകദാസ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.