പ്രളയപാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവകേരള നിര്‍മിതിക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ കരട് രേഖ  ഗ്രാമസഭയില്‍ അവതരിപ്പിച്ചു. ബഹുവര്‍ഷ പ്രൊജക്ടുകള്‍ക്കായി മാറ്റിവെച്ച 10.54 കോടിയുള്‍പ്പെടെ 134.22 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിനു കീഴില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നത്. പ്രളയത്തിനു ശേഷം കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലവും ജലത്തിന്റെ കുത്തൊഴുക്ക് മൂലവും വരള്‍ച്ചയ്ക്കുള്ള സാധ്യതകളാണ് കാണുന്നത്. അതിനാല്‍ ഭൂമിക്കടിയിലെ ജലനിരപ്പയര്‍ത്തുന്നതിനാവശ്യമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഗ്രാമസഭ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പറഞ്ഞു. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തൂതപ്പുഴയുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യ സംസ്‌ക്കരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ തുടങ്ങുകയാണെങ്കില്‍ അവയ്ക്കാവശ്യമായ സഹായം ജില്ലാ പഞ്ചായത്ത് നല്‍കും. കാര്‍ഷിക ജില്ലയായ പാലക്കാട്ടില്‍ പലപ്പോഴും കര്‍ഷകരുടെ നെല്ല് ശരിയായ രീതിയില്‍ സംഭരിക്കത്തതിനാല്‍ നശിച്ചുപോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇതിനുളള പരിഹാരമായി നെല്ല് ഉണക്കി സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകള്‍ ജില്ലയില്‍ ആരംഭിക്കും. കൂടാതെ വയോജനങ്ങള്‍ക്കായി സ്‌നേഹവീടുകളും ആരംഭിക്കും. ഇതിനായി 3.6 കോടി രൂപയാണ് കരട് പദ്ധതിയില്‍ വകയിരുത്തത്. വയോജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തയ്യാറാക്കുന്ന സ്‌നേഹവീടുകള്‍ ക്രമേണ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി. കുട്ടികളുടെ മാനസ്സികോല്ലാസം ലക്ഷ്യമിടുന്ന ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയായ ബാലവിഹാരത്തിനായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. കൂടാതെ കുട്ടികള്‍ക്ക് കലാ -സാംസ്‌ക്കാരിക- കായിക മേഖലകളില്‍ അഭിരുചി വളര്‍ത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബാലവിഹാരം പാര്‍ക്കുകളും നിര്‍മ്മിക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ജില്ലയിലെ തിരഞ്ഞെടുക്കുന്ന 15 ഓളം സ്‌കൂളുകളില്‍ ഓപ്പണ്‍ ജിംനേഷ്യവും സജ്ജമാക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗക്കാരുള്ള ജില്ലയായതിനാല്‍ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 33% തുകയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിനു പുറമെ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആറ് ഫാമുകള്‍ നവീകരിക്കുന്നതിനായി 1.5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിനാവശ്യമായ കോള്‍ഡ് സ്റ്റോറേജ് ഹോം, കൊപ്ര സംഭരണം, വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ 10 കേന്ദ്രങ്ങളില്‍ മിനി ബസാര്‍ എന്നിവയും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കും. ജില്ലാ പഞ്ചായത്തില്‍ നടന്ന ഗ്രാമസഭയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു മോള്‍ അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍ കരട് പദ്ധതി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പുഷ്പജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ അംഗങ്ങളായ പുഷ്പവല്ലി, സി.സദാശിവന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ എന്‍.എസ്.ശില്‍പ, ചിന്നസ്വാമി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുബ്രഹ്മണ്യന്‍, സീനിയര്‍ സൂപ്രണ്ട് എസ്.ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു.