ഉപഭോക്തൃ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും അളവ് തൂക്കങ്ങളിലും പാക്ക് ചെയ്ത ഉത്പന്നങ്ങളിലും കൃത്യത ഉറപ്പു വരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചു. ലഭിക്കുന്ന സേവനങ്ങളില്‍ ഉപഭോക്താവ് കബളിക്കപ്പെടുന്നുണ്ടോ എന്ന് വ്യവസ്ഥാപിതമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തിലുടനീളം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്തൃ സംരക്ഷണത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകളും അനുവദിച്ചിട്ടുണ്ടെന്നും അതില്‍ ഒമ്പതാമത്തെ ഓഫീസാണ് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയില്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ യജ്ഞം കൂടുതല്‍ ശക്തമായി തുടരുകയാണെന്നും ജനജീവിതവുമായി ബന്ധപ്പെട്ട ഏതു മേഖലയിലും ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നതായും അധ്യക്ഷത വഹിച്ച റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈയിടെ രൂപീകരിച്ച മഞ്ചേശ്വരം താലൂക്കില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ഓരോന്നായി ആരംഭിക്കുകയും താലൂക്ക് സംവിധാനം ശക്തമാക്കുന്നതിന് കൂടുതല്‍ വകുപ്പുകളുടെ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ നിയമനവും ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെങ്കിലും പൊതുജനതാല്‍പര്യാര്‍ഥം അവരുടെ വ്യവഹാരങ്ങള്‍ എളുപ്പമാക്കിത്തീര്‍ക്കുന്നതിനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. അതിനാല്‍ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 14 താലൂക്കുകളും വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായി., മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എ അബ്ദുല്‍ മജീദ്, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ, ലീഗല്‍ മെട്രോളജി ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.വി ശശീന്ദ്രന്‍, ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.