രാത്രികാല യാത്ര ക്ലേശനത്തിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പള്ളത്തേരി, പാറ ജങ്ഷന്‍, തേനാരി, ചുറ്റിപ്പാറ ജങ്ഷന്‍, കൈതക്കുഴി ജങ്ഷന്‍ എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് എം.എല്‍.എ. സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചത്. വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് അഞ്ച് ലൈറ്റുകള്‍ സ്ഥാപിച്ചത്. മലമ്പുഴ മണ്ഡലത്തിലൊട്ടാകെ 20 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി 78 ലക്ഷം രൂപയാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നീക്കിവച്ചിരിക്കുന്നത്.

എലപ്പുള്ളി പഞ്ചായത്തിലെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും വി.എസ്. അച്യുതാനന്ദന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നു

കൊടുമ്പ് പഞ്ചായത്തിലെ കാടാങ്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് ലക്ഷം ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. പരിപാടികളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, നാട്ടുക്കാര്‍ സംബന്ധിച്ചു.