പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഉല്‍സവ സമയങ്ങളില്‍ ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണ സംഘങ്ങള്‍ നടത്തുന്ന ഉല്‍സവ ചന്തകള്‍ ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അകത്തേത്തറ പഞ്ചായത്ത് പച്ചക്കറി വിപണന സഹകരണ സംഘം സംഘടിപ്പിച്ച ക്രിസ്മസ് -പുതുവത്സര ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്ക് മെയിന്‍ ശാഖയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ.പി.വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. ജനുവരി ഒന്നു വരെ പത്ത് ദിവസങ്ങളിലായി നടക്കുന്ന ചന്തയില്‍ 19 നിത്യോപയോഗ സാധനങ്ങsങ്ങിയ കിറ്റ് 799 രൂപയ്ക്ക് വിതരണം ചെയ്യും. 30 കിറ്റുകളാണ് ദിവസേന വിതരണം ചെയ്യുക. ടൗണ്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സഹകരണ ബാങ്ക് മെയിന്‍ ശാഖയില്‍ നിന്നും ടോക്കണ്‍ മുഖേനയാണ് കിറ്റുകള്‍ നല്‍കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊതു കൗണ്ടറും വയോജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടറും തയ്യാറാക്കിയിട്ടുണ്ട്. അകത്തേത്തറ, ആണ്ടിമഠം എന്നിവിടങ്ങളിലെ പീപ്പിള്‍ സ്റ്റോര്‍ മുഖേനയും കിറ്റ് ലഭിക്കും. ഗുണഭോക്ക്താക്കള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കരുതിയാല്‍ മാത്രം മതി. 30 മുതല്‍ 50 ശതമാനം വരെ വിലക്കിഴവിലാണ് സാധനങ്ങള്‍ നല്‍കുന്നത്. കെ.വി.വിജയദാസ് എം.എല്‍.എ ആദ്യ വില്‍പന നടത്തി. തുടര്‍ന്ന് സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന കലാസാംസ്‌ക്കരിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കെ.വി.വിജയദാസ് എം.എല്‍.എ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി. ഡി.ടി.പി.സി അംഗം അഡ്വ.പി.എ ഗോകുല്‍ദാസ്, പാലക്കാട് കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം.നാരായണന്‍, സഹകരണ അസി. രജിസ്റ്റാര്‍ പി.ഷണ്‍മുഖന്‍ , പുതുപ്പരിയാരം സഹകരണാശുപത്രി ചെയര്‍മാന്‍ ടി. രാമാനുജം, കണ്‍സ്യൂമര്‍ ഫെഡ് പാലക്കാട് റീജിയണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ വി.ശുഭ , ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജീന്‍സ് മോന്‍ ജോസ്, കണ്‍സ്യൂമര്‍ ഫെഡ് കണ്‍വീനര്‍ ജോസ് മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.