മലമ്പുഴ റിങ് റോഡ് ,പാലം നിലവില്‍ വരുന്നതില്‍ തടസം നീക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ പുനരാംരംഭിക്കാന്‍ ശ്രമിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ .കൃഷ്ണന്‍ കുട്ടി പറഞ്ഞു. മലമ്പുഴയിലെ ഫോട്ടോ ഗ്യാലറി, സെല്‍ഫി പോയിന്റ്, നവീകരിച്ച പിക്‌നിക്ക്ഹാള്‍, പാര്‍ക്കിങ് ഏരിയ, നവീകരിച്ച റോഡ് സമര്‍പ്പണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലമ്പുഴ എം എല്‍ എ യും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദനാണ് മലമ്പുഴ ഡാം-ഉദ്യാനത്തിന്റെ വികസന-നവീകരണ നയപ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വഹിച്ചത്. വി.എസ് അച്യുതാനന്ദന്‍ എം എല്‍ .എ ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ച കാര്യങ്ങളിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

മലമ്പുഴയിലെ ഫോട്ടോ ഗ്യാലറി, സെല്‍ഫി പോയിന്റ്, നവീകരിച്ച പിക്‌നിക്ക്ഹാള്‍, പാര്‍ക്കിങ് ഏരിയ, നവീകരിച്ച റോഡ് സമര്‍പ്പണം തുടങ്ങിയ പദ്ധതികള്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

20000 ഏക്കര്‍ പ്രദേശമാണ് മലമ്പുഴയെ ആശ്രയിച്ചു കൃഷിചെയ്തിരുന്നത്.ഇത് 15000 ആയി കുറഞ്ഞിട്ടുണ്ട്. കുറവ്വന്ന 5000 ഏക്കറിലേക്കുള്ള വെള്ളം കേര കര്‍ഷകര്‍ക്ക് നല്‍കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ചെറുകിട ജലസേചന പദ്ധതികള്‍ സോളാര്‍ ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കി കര്‍ഷകര്‍ക്ക് അധികവരുമാനത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.ജില്ലയിലെ ഡാമുകള്‍ മികച്ച ടൂറിസം സാധ്യതകള്‍ ഉള്ളതാണ്. ഇത് പ്രയോജനപ്പെടുത്താന്‍ എല്ലാ ഡാമുകളെയും ബന്ധിപ്പിച്ചുള്ള ബസ് സര്‍വ്വീസ് ആലോചനയിലാണ്. ഇറിഗേഷന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ വകുപ്പിന് വരുമാനം ലഭിക്കുന്ന തരത്തില്‍ ടൂറിസം മേഖലയില്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതായി സജ്ജീകരിച്ച സെല്‍ഫി പോയിന്റില്‍ നിന്നും മന്ത്രി കെ. കൃഷ്ണന്‍ക്കുട്ടി സെല്‍ഫിയെടുക്കുന്നു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ സമീപം

മലമ്പുഴയെ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി മലമ്പുഴ എം എല്‍ എ യും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴയുടെ മുഖച്ഛായ മാറ്റുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മലമ്പുഴയുടെയും പാലക്കാടിന്റെയും ചിരകാലസ്വപ്നമായ റിങ്റോഡിന് മയിലാടി പുഴയിലെ പാലം പണി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കണമെന്നും സാങ്കേതിക തടസങ്ങള്‍ വികസനത്തെ ബാധിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ പറഞ്ഞു. രണ്ടുകോടിരൂപ ചിലവില്‍ മലമ്പുഴയില്‍ നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈലജ ,മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്കാഞ്ചന സുദേവന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ വി.മുരുകദാസ്, ജില്ലാ കലക്റ്റര്‍ ഡി.ബാലമുരളി, ഡി. റ്റി.പി.സി നിര്‍വ്വാഹക സമിതി അംഗം ഗോകുല്‍ദാസ്, ചീഫ് എന്‍ജിനീയര്‍ എസ്.തിലകന്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ സന്തോഷ് ലാല്‍, ഡി.റ്റി.പി.സി സെക്രട്ടറി കെ.ജി അജേഷ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.