മംഗലം പുഴ വീണ്ടെടുക്കല്‍ -ഭാരതപുഴ സംരക്ഷണ യജ്ഞം കണ്ണമ്പ്ര പഞ്ചായത്തില്‍ കൊളയക്കാട് പുഴയോരത്ത് കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോന്‍ ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷത്തിനകം കൊളയക്കാട് പുഴയുടെ തീരത്ത് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പുഴ സംരക്ഷണത്തിന്റെ ഭാഗമായി മംഗലം പുഴയുടെ കൊളയക്കാട് ഭാഗത്ത് ആടലോടകം, പതിമുഖം, രാമച്ചം, ആര്യവേപ്പ്, നെല്ലി, മുള തുടങ്ങിയ വിവിധ ഇനത്തില്‍പ്പട്ട 120 തൈകള്‍ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നട്ടിട്ടുണ്ട്. പുഴയുടെ ഇരുകരകളിലെയും അതിര്‍ത്തി വീണ്ടെടുക്കുന്നതോടൊപ്പം പുഴയുടെ സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുകയാണ് ലക്ഷ്യം. പുഴ സംരക്ഷണത്തോടൊപ്പം വരള്‍ച്ച- കുടിവെള്ള ക്ഷാമം എന്നിവയെ അതിജീവിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ആലത്തൂര്‍ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മംഗലം പുഴയുടെയും ഗായത്രി പുഴയുടെയും തീരങ്ങളില്‍ ഔഷധസസ്യങ്ങള്‍ നട്ടാണ് പുഴ സംരക്ഷണം സാധ്യമാക്കുക. ഔഷധ തൈ പരിപാലനത്തിന് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ അംഗത്തിനും അഞ്ച് തൈകളുടെ പരിപാലനമാണ് നല്‍കിയിട്ടുള്ളത്. ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് റിസോഴ്സ്പേഴ്സണ്‍ പ്രൊഫ. കെ. വാസുദേവന്‍ പിള്ള, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാന്റോ, വാര്‍ഡ് മെംബര്‍ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
