ഇടുക്കി ജില്ലാതല അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി

യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും സംബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്ത്രീയപഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ അറിയിച്ചു.  ഇടുക്കി കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍  കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ സ്വഭാവത്തിലെ മാറ്റം, വിവാഹജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരുന്ന സംഘര്‍ഷം, അവ പരിഹരിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ, വര്‍ധിക്കുന്ന ലഹരി ഉപയോഗം, മദ്യപാനം, ആഹാരക്രമങ്ങള്‍, ഡിജിറ്റല്‍ വിനിമയങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് പഠന വിഷയങ്ങള്‍.

മാനസികാരോഗ്യവിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എംഎസ്ഡബ്ലു, എം.എസ്.സി. സൈക്കോളജി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പഠനം നടത്തുന്നത്.  കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങള്‍ നേരിടുന്ന സംഘര്‍ഷങ്ങളെ ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യമെന്നും പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി കാമ്പയിനുകളും നടപ്പിലാക്കി വരുന്നുണ്ട്.  സൗജന്യനിയമസഹായത്തിനായി യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍  പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.

അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. സ്വകാര്യ പരിശീലന സ്ഥാപനത്തില്‍ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കുന്നത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം കുടിശ്ശിക ലഭിക്കുന്നത്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്വകാര്യസ്ഥാപനത്തിലെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്, സൈബര്‍ തട്ടിപ്പ്, ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുന്നത്, സ്വകാര്യ ബാങ്കില്‍ നിന്ന് ലോണ്‍ റിജക്ഷന്‍ ലെറ്റര്‍ ലഭ്യമാക്കുന്നത്, പി.എസ്.സി
തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. കമ്മീഷന്‍ അംഗം വിജിത പി.സി. സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. ജയകുമാര്‍, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവര്