എങ്ങനെ ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാകാം, വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങള്‍ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം തുടങ്ങി നൂറുകണക്കിന് സംശയങ്ങളുമായി ഇരുന്ന കുട്ടികള്‍ക്ക് സംശയനിവാരണം നടത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ക്ലാസ് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ റിക്രൂട്ടിങ് വിഭാഗമായ എയര്‍മെന്‍ സെലക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വിക്ടോറിയ കോളെജില്‍ സംഘടിപ്പിച്ച സെമിനാര്‍ വ്യോമയാന മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി. സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡിന്റെ കേരളത്തിലെ യൂനിറ്റായ എറണാകുളം കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍ കമാന്‍ഡിങ് ഓഫീസര്‍ ശ്യാംജിത്ത് വിദ്യാര്‍ഥികള്‍ക്ക് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തി. എയര്‍മെന്‍ റിക്രൂട്ട്‌മെന്റിനായി 2019 ജനുവരി രണ്ട് മുതല്‍ ആരംഭിക്കുന്ന ഷെഡ്യൂള്‍ഡ് ടെസ്റ്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചത്. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരീക്ഷയില്‍ പ്ലസ്ടു യോഗ്യതയുള്ള17-19 വയസ് പ്രായപരിധിയിലുള്ള ആണ്‍കുട്ടികള്‍ക്കാണ് അവസരം. പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം, എന്താണ് യോഗ്യത, തയ്യാറെടുപ്പുകള്‍ എന്തെല്ലാം എന്നിവ സംബന്ധിച്ചും വ്യോമയാന മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു. കൂടാതെ എയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തന രീതി, ജോലിയുടെ സ്വഭാവം, റാങ്കുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും സെമിനാറില്‍ ചര്‍ച്ച ചെയ്തു. വിക്ടോറിയ കോളെജ് പ്രിന്‍സിപ്പല്‍ എ.സഫിയ ബീവി, ജില്ലാ സൈനിക് ക്ഷേമ ഓഫീസര്‍ വി. വിന്‍സെന്റ്, കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ സെന്ററില്‍ നിന്നുള്ള സി.പി. എല്‍ ബല്‍ബീര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യേശുദാസ് എന്നിവര്‍ പങ്കെടുത്തു.