റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വിമുക്തി മിഷന്‍ ജില്ലയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മലപ്പുറം ജില്ലാതല ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് പാര്‍ട്ടി സംയുക്തമായി മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച റാലി മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റിനീഷ ഫ്‌ളാഗ് ഓഫ് ചെയ്തു. വിമുക്തി മിഷന്‍ മലപ്പുറം ജില്ലാ കോഡിനേറ്റര്‍ പി. ഷിജേഷ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച് കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ച റാലിയില്‍ മലപ്പുറം ഗവ. കോളേജ്, മലപ്പുറം പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം, മഅ്ദിന്‍ കോളേജ് മലപ്പുറം എന്നിവിടങ്ങളിലെ 200 ഓളം എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍, ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ റാലി.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. അനൂപ്, പെരിന്തല്‍മണ്ണ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. യൂനസ്, മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സതീശന്‍, എ.ഇ.ഐ. ഷിബു, സി.ഇ.ഒ.മാരായ ഷംസുദ്ദീന്‍, അബ്ദുള്‍ ജലീല്‍, ബാസിത്ത്, ശരത്, സിന്ധു, പുഷ്പരാജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.