സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍ദ്രം പദ്ധതി ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ വി.എസ്.അച്യുതാനന്ദന്‍
പറഞ്ഞു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കാഞ്ഞിക്കുളം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റേയും അമ്പലവട്ടം ശിവക്ഷേത്രം റോഡിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബക്ഷേമ ഉപകേന്ദ്രം പൂര്‍ത്തിയാക്കിയത്. 103.06 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പരിശോധനാ മുറി, വരാന്ത, ഫാര്‍മസി ,കണ്‍സള്‍ട്ടിംഗ് റൂം , രണ്ട് ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ റാമ്പും പണികഴിപ്പിച്ചിട്ടുണ്ട്.
25 ലക്ഷം രൂപ ചെലവഴിച്ചാണ് മുണ്ടൂര്‍ ശിവക്ഷേത്രം അമ്പലവട്ടം റോഡ് നിര്‍മിച്ചിരിക്കുന്നത്. 217.3 മീറ്റര്‍ നീളമുള്ള റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. കുട്ടികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി.മഞ്ജു , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.