വനിത ശിശു വികസന വകുപ്പിന്റെയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ബാല ഭിക്ഷാടനം, ബാലവേല എന്നിവക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ടി ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. ബാല ഭിക്ഷാടനവും ബാലവേലയും ഇല്ലായ്മ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും, പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. തുടര്‍ന്ന് മേഴ്‌സി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം സേതുമാധവന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ, ശിശു വികസന പദ്ധതി ഓഫീസര്‍ സജിത, ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹരിഹരന്‍, ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് കെ.എം സുമേഷ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.