കൊച്ചി: പൊതുസമൂഹത്തെ ചൂഷണവിമുക്തമാക്കാന്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നേത്യത്വം നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ഇതിനായി ഭക്ഷ്യ മന്ത്രാലയത്തിന്റെ കീഴില്‍  ഉപഭോക്തൃ കാര്യങ്ങള്‍ക്കുവേണ്ടി  പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് ഡയറക്ട്രേറ്റിനു കീഴില്‍ വിഭാവനം ചെയ്യുന്നത്. ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ  ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ ഭദ്രതാനിയമം ചുരുങ്ങിയ സമയത്തിനുളളില്‍ വിജയകരമായി നടപ്പിലാക്കിയത് കേരളത്തിന്റെ വിജയമാണ്.  ഇ-പോസ് മെഷീന്‍ സ്ഥാപിച്ചതിലൂടെ റേഷന്‍ വിതരണം  കൂടുതല്‍ സുതാര്യമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  ഉപഭോക്തൃബോധവത്കരണ പ്രവ4ത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ സൗകര്യങ്ങളോടു കൂടിയ പ്രത്യേക വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും ഉപഭോക്തൃ കേരളം മാസികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ടി.ഐ ഫെഡറേഷന്‍ പ്രസിഡന്റ്  അഡ്വ. ഡി.ബി ബിനു മുഖ്യപ്രഭാഷണം നടത്തി. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സി.എ. ലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രളയദുരിതാശ്വാസം, റേഷന്‍ കാര്‍ഡ് വിതരണം, ഭക്ഷ്യഭദ്രതാനിയമം എന്നീ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നടത്തിയ ജീവനക്കാര്‍ക്കുളള പുരസ്‌കാരവിതരണവും ചടങ്ങില്‍ നടന്നു.
പി.ടി തോമസ് എം.എല്‍.എ, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍  എം.എസ്. ജയ, ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ്്  ചെറിയാന്‍ കുര്യാക്കോസ്, ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. റെഡ്ഢി തുടങ്ങിയവര്‍ സംസാരിച്ചു.