സർഫാസി നിയമം ; നിയമസഭാ സമിതി 21ന് വയനാട് സന്ദർശിക്കും

സർഫാസി നിയമം ഉപയോഗിച്ച് കൃഷിഭൂമി ജപ്തി ചെയ്യാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. സർഫാസി നിയമം ഉപയോഗിച്ച് ബാങ്കുകൾ കർഷകരെ പീഡിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിയമസഭാ സമിതി 21ന് വയനാട്ടിൽ സിറ്റിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കാർഷിക വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം വിളിച്ചുചേർത്ത് വയനാടിന് പ്രത്യേക പരിഗണന നൽകാൻ ആവശ്യപ്പെടും. പ്രളയശേഷം കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്ര ചർച്ച നടത്താൻ വയനാട്ടിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കർഷകർക്ക് ഈ വർഷം പലിശരഹിത വായ്പ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്നു കർഷകർ പിന്തിരിഞ്ഞു നിൽക്കുന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരണം. ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കാൻ കർഷക സംഘടനാ നേതാക്കളോടും ഉദ്യോഗസ്ഥരോടും മന്ത്രി നിർദേശിച്ചു.

അമ്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഒഴിവുള്ള തസ്തികകൾ നികത്തുന്ന മുറയ്ക്ക് കാർഷിക കോളേജ് പ്രവർത്തനം തുടങ്ങും. ആർ.എ.ആർ.എസിൽ ആകെ 35 ശാസ്ത്രജ്ഞരുടെ തസ്തികകളാണുള്ളത്. ജനുവരി അവസാനത്തോടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ കർഷകരിൽ എത്തിക്കുന്നതിനായി കർഷക സംഘടനകൾ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികൾ വിശദീകരിച്ച് വകുപ്പ് പ്രസിദ്ധീകരിച്ച കൈപുസ്തകങ്ങൾ എല്ലാ സംഘടനാ നേതാക്കൾക്കും ലഭ്യമാക്കാൻ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.

യോഗത്തിൽ സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, ജില്ലാ പ്രിൻസിപ്പൾ കൃഷി ഓഫിസർ ഷാജി അലക്‌സാണ്ടർ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.