കാക്കനാട്: കേരള സർക്കാർ റവന്യു വകുപ്പ് കാക്കനാട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പി.ടി.തോമസ് എം എൽ എ നിർവഹിച്ചു. കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിച്ചു. 47 ലക്ഷം രൂപ മുടക്കി 1592 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ വില്ലേജ് നിർമ്മിക്കുന്നത്. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. ജില്ലാ നിർമ്മിതികേന്ദ്രത്തിനാണ് ചുമതല. ഇപ്പോഴത്തെ കെട്ടിടം പൊളിക്കാതെ ഇടതു വശത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഈ വർഷം ജില്ലയിൽ നാല് സ്മാർട്ട് വില്ലേജുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. തോപ്പുംപടി, പോത്താനിക്കാട്, ആലുവ ഈസ്റ്റ് എന്നിവയാണ് മറ്റ് മൂന്ന് വില്ലേജുകൾ. ശിലാസ്ഥാപന ചടങ്ങിൽ കണയന്നൂർ തഹസിൽദാർ രാധിക പി.ആർ, വില്ലേജ് ഓഫീസർ റോയ് ജോൺ, എച്ച്.എസ് ഗീത കാണിശ്ശേരി, കൗൺസിലർ രഞ്ജിനി ഉണ്ണി എന്നിവർ പ്രസംഗിച്ചു.