ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികൾ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സബ് കളക്ടർ വി. ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഡി സി. ജനറൽ ഡി. ഷിൻസ് വിഷയാവതരണം നടത്തി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം, സെമിനാർ, വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. ‘വാഗ്ദാനങ്ങൾ പാലിച്ച ആയിരം ദിനം, ആയിരം പദ്ധതികൾ, പതിനായിരം കോടി രൂപയുടെ വികസനം’ എന്നതാണ് പരിപാടിയുടെ സന്ദേശം. സംഘാടകസമിതി ചെയർമാനായി ധനകാര്യ,കയർ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക്, വർക്കിംഗ് ചെയർമാനായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽ കുമാറിനെയും വൈസ് ചെയർമാനായി നഗരസഭാ അധ്യക്ഷൻ തോമസ് ജോസഫിനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും യോഗം ചുമതലപ്പെടുത്തി. സാംസ്‌കാരിക പരിപാടി കൺവീനറായി വിദ്യഭ്യാസ ഉപഡയറക്ടറേയും, നവമാധ്യമ കൂട്ടായ്മ കൺവീനറായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും, പ്രദർശന പരിപാടികളുടെ കൺവീനറായി വിവര പൊതുജന സമ്പർക്ക വകുപ്പിനെയും ചുമതലപ്പെടുത്തി.
പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്യുവാനായി പദ്ധതി തെരഞ്ഞെടുപ്പ് സംഘാടക സമിതി, പ്രദർശന ഉപസമിതി, സാംസ്‌കാരിക ഉപസമിതി, സാമ്പത്തിക ഉപസമിതി, നവമാധ്യമ ഉപസമിതി എന്നിവയും രൂപികരിച്ചു. യോഗത്തിൽ ധനകാര്യ, കയർ വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽ കുമാർ, പ്രസിഡന്റ് കവിത ഹരിദാസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.