തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി

സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

ഈ പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാർക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകൾ ഒരുക്കേണ്ടതാണ്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികൾ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്.

നിയമപ്രകാരം രൂപീകരിക്കുന്ന ടൗൺ വെണ്ടിംഗ് കമ്മിറ്റികൾ യഥാർത്ഥ തെരുവോര കച്ചവടക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. നഗരസഭകളുടെ കീഴിൽ വരുന്ന ഈ കമ്മിറ്റികളിൽ തെരുവോര കച്ചവടക്കാർക്കും പ്രാതിനിധ്യമുണ്ടാകും. തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവർക്കാണ് സർട്ടിഫിക്കറ്റിന് അർഹത. മറ്റൊരിടത്തും കച്ചവടം ഉണ്ടാകാൻ പാടില്ല.

നിയമനങ്ങൾ, മാറ്റങ്ങൾ

ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് ചെയർമാന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ എത്തിയ എൻ. പ്രശാന്തിനെ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

കോസ്റ്റൽ പോലീസ് എ.ഡി.ജി.പി. സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണർ കെ. പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നൽകും.

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സർവ്വീസ്, മുനിസിപ്പൽ കോമൺ സർവ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതു സർവ്വീസ് രൂപീകരിക്കുന്നതിന് 1994-ലെ കേരള മുനിസിപാലിറ്റി ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇതിനുവേണ്ടി തയ്യാറാക്കിയ കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടൺ അരി റേഷൻ കടകൾ വഴി വിതരണം ചെയ്ത വകയിൽ റേഷൻകടക്കാർക്ക് മാർജിൻ ഇനത്തിൽ നൽകേണ്ട 9.4 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടിൽ എ.വി. തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച ആളെ തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിന് ഇരയായത്.

ഭൂഗർഭ കേബിളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.