തലസ്ഥാനത്തിലെ കലാസ്വാദകർക്ക് വിരുന്നായി നൃത്ത-സംഗീത സമന്വയവുമായി ‘ഭാരതീയം’ അരങ്ങിലെത്തി. സോപാനം, ഹിന്ദുസ്ഥാനി, കർണാടിക് സംഗീതധാരകളുടെ മനോഹരമായ സംഗമമായി ‘സംഗീത സംഗമ’വും ഭരതനാട്യത്തിന്റെ ലാസ്യഭാവങ്ങളുമായി ‘നൃത്ത്യോപഹാര’വുമാണ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തീയറ്ററിലെത്തിയത്.
സംഗീതസംഗമമെന്ന ആദ്യ ഭാഗത്തിൽ സോപാനം, ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതങ്ങളുടെ ഭാവാത്മക സമന്വയമാണ് ആസ്വാദകരെ ആനന്ദിപ്പിച്ചത്. ഏലൂർ ബിജുവിന്റെ സോപാനസംഗീതവും, ധനഞ്ജയ് ഹെഗ്‌ഡേയുടെ ഹിന്ദുസ്ഥാനി സംഗീതവും, വിനയ് ഷാർവയുടെ കർണാടിക് സംഗീതവുമായി ഒരുമിച്ച് വേദിയിൽ മാറ്റുരച്ചത്. ഇടയ്ക്കയിൽ തൃപ്പൂണിത്തുറ കൃഷ്ണദാസും, തബലയിൽ മഹേഷ് മണിയും, മൃദംഗത്തിൽ വിനോദ് ശ്യാമും ഇവർക്ക് പിന്തുണയേകി.
രണ്ടാം ഭാഗമായ നൃത്തോപഹാരയിൽ പ്രശസ്ത നർത്തകി ഡോ. ആനന്ദശങ്കർ ജയന്തും സംഘവുമാണ് ഭരതനാട്യം അവതരിപ്പിച്ചത്.
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു.
അവതരണത്തിനുശേഷം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഡി.പി.ഐ കെ.വി. മോഹൻകുമാർ എന്നിവർ കലാകാരൻമാരെ ആദരിച്ചു.
പ്രമുഖ നർത്തകി ഡോ. സൊണാൽ മാൻസിംഗിന്റെ നേതൃത്വത്തിലാണ് ‘ഭാരതീയം’ ഒരുക്കിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, കേന്ദ്ര ടൂറിസം മന്ത്രാലയം, സെൻറർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.