ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ ബോധത്കരണത്തിനായി സ്വീപ്പിന്റെ നേതൃത്വത്തില്‍ ഈമാസം 27 ന് പത്തനംതിട്ട ടൗണില്‍ ബഹുജന റാലി സംഘടിപ്പിക്കും. രാവിലെ ഏഴിന് നടക്കുന്ന റാലിയില്‍ എന്‍.സി.സി., എന്‍.എസ്.എസ്, എസ്.പി.സി വൊളന്റിയര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ അടക്കം ബഹുജനപങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്വീപ്പ് അവലോകന യോഗം തീരുമാനിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ വിതരണം ചെയ്യാനും പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഇതോടൊപ്പം ഓഫീസുകളിലും തൊഴിലിടങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വോട്ടര്‍ അവബോധ പ്രതിജ്ഞയെടുക്കുന്ന ചടങ്ങും സംഘടിപ്പിക്കും.
വോട്ടവസരം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് അഭ്യര്‍ഥിച്ച് പുതിയ വോട്ടര്‍മാര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നേരിട്ടു കത്തെഴുതുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. മാതാപിതാക്കളെ വോട്ടു ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന പ്രതിജ്ഞ കുട്ടികള്‍ സ്‌കൂളുകളില്‍ ചൊല്ലും.
കുടുംബശ്രീയുടെ നേതൃത്വത്തിലും വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാന്‍ പരമാവധിയിടങ്ങളില്‍ തെരുവു നാടകങ്ങള്‍ അവതരിപ്പിക്കും. സന്ദേശ പ്രചാരണ കലാജാഥ, വിളംബര ജാഥ, കൂട്ടയോട്ടം തുടങ്ങിയ പരിപാടികളിലെ സജീവപങ്കാളിത്തത്തിന് പുറമേ, ലഘുഭഷണം തയാറാക്കി വിതരണം ചെയ്യുന്നതിനുള്ള ചുമതലയും കുടുംബശ്രീ നിര്‍വഹിക്കും.
വീടുകളില്‍ വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളില്‍ വോട്ടര്‍ ബോധവത്ക്കരണ സ്റ്റിക്കറുകള്‍ പതിക്കും.  ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ കടകളിലുടെയും മാവേലി സ്‌റ്റോറുകളിലൂടെയും ബോധവത്കരണ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടക്കും. പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടി ഷര്‍ട്ട്, തൊപ്പി, പ്ലക്കാര്‍ഡ് എന്നിവ തയാറാക്കുന്നത് ശുചിത്വമിഷനാണ്. വൈദ്യുതി ബില്ലുകള്‍, കുടിവെള്ളത്തിന്റെ ബില്ലുകള്‍ വലിയ വാട്ടര്‍ ടാങ്കുകള്‍ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കും. സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയിലും സ്റ്റിക്കറുകള്‍ പതിക്കും. ബസുകളില്‍ പോസ്റ്റര്‍ പതിപ്പിച്ചുള്ള പ്രചരണം, അനൗണ്‍സ്‌മെന്റ്, മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരണം, ബാനര്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി നടത്തും.
പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും വോട്ടര്‍ ബോധവത്ക്കരണ കാര്‍ഡ് വിതരണം നടത്തുകയും ചെയ്യും.  എസ്.സി. പ്രൊമോട്ടര്‍മാരുടെ സേവനം കോളനികളിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. അംഗന്‍വാടികളില്‍ സ്റ്റിക്കര്‍ പതിപ്പിക്കല്‍, കാര്‍ഡ് വിതരണം, കുട്ടികളുടെ പ്രതിജ്ഞ, മഹിളാ മന്ദിരങ്ങളിലേയും അഗതി മന്ദിരങ്ങളിലേയും അന്തേവാസികളെ ബോധവത്കരിക്കല്‍, ട്രാന്‍സ്‌ജെന്‍ഡറുകളെ ബോധവത്കരിക്കല്‍, മറ്റ് കലാപരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവ സാമൂഹ്യനീതി വകുപ്പ് നിര്‍വഹിക്കും.
ബിഎസ്എന്‍എല്‍ മുഖാന്തിരം വോയിസ്, ടെക്‌സ്റ്റ് മെസേജുകള്‍ മൊബൈല്‍ ഫോണുകളിലെത്തും. ആശുപത്രികളിലും ബാങ്കുകളിലും എ.ടി.എം. കൗണ്ടറുകളിലും ഇത് സംബന്ധിച്ച സ്റ്റിക്കറുകള്‍ പതിക്കും. ആശാവര്‍ക്കര്‍മാര്‍വഴിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഉറപ്പാക്കും. എന്‍.സി.സി., എന്‍.എസ്.എസ്, എസ്.പി.സി സമ്മര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചുള്ള ബോധവത്കരണ പരിപാടികളും നടത്തും. യുവജനക്ഷേമ ബോര്‍ഡ്, എന്‍.വൈ.കെ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ മുഖാന്തരം കൂട്ടയോട്ടം, ബോധവത്കരണ റാലികള്‍ തുടങ്ങിയവയില്‍ യുവജനതയുടെ പങ്കാളിത്തം ഉറപ്പാക്കും.
നാഷണല്‍ സേവിംഗ്‌സ് ഏജന്റുമാരും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. കൃഷി ഭവന്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വ്യവസായ കേന്ദ്രങ്ങള്‍, വ്യവസായ-സംരംഭകത്വ പരിശീലന കേന്ദ്രങ്ങള്‍, മറ്റ് തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെ വോട്ടര്‍ ബോധവത്ക്കരണ കാര്‍ഡ് വിതരണവും സ്റ്റിക്കര്‍ പതിപ്പിക്കലും നടത്താനും അവലോകന യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ സ്വീപ് നോഡല്‍ ഓഫീസറും എ.ഡി.സി(ജനറല്‍)യുമായ കെ.കെ. വിമല്‍രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, ജില്ല യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉദയകുമാരി എസ്, എന്‍.ഐ.സി. അഡീ.ഡി.ഐ.ഒ. ആലീസ് ആന്‍ഡ്രൂസ് കോട്ടിരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.