ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുള്ള സ്‌ക്വാഡുകള്‍ പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളില്‍ അനുമതി ഇല്ലാതെയും സ്ഥാപിച്ചിരുന്ന 1673 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് പറഞ്ഞു. 1471 പോസ്റ്ററുകള്‍, 153 ബാനര്‍/ഫ്‌ളക്‌സ് ബോര്‍ഡ്, 49 കൊടിതോരണങ്ങള്‍ എന്നിവയാണ് നീക്കം ചെയ്തത്.
മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി നിയോഗിച്ച വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു.  കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടള്ളത്. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ്(ഒന്ന് വീതം),ഫ്ളൈയിംഗ് സ്‌ക്വാഡ്(മൂന്ന് വീതം),സ്റ്റാറ്റിക്സ് സര്‍വ്വയലന്‍സ് സ്‌ക്വാഡ്(മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്(ഒന്ന് വീതം),വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്(ഒന്ന് വീതം)എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ദിവസവും സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് തല്‍സമയം അറിയിക്കുന്നതിനായി സി-വിജില്‍ ആപ്ലിക്കേഷന്റെ സേവനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച തല്‍സമയ ഫോട്ടോകള്‍, രണ്ട് മിനിട്ടില്‍ കൂടാത്ത വീഡിയോകള്‍ എന്നിവ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപ്ലോഡ് ചെയ്യാന്‍ സാധിക്കും. സി.-വിജില്‍ ലഴി ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ക്ക് കൈമാറുന്നതും നൂറ് മിനിട്ടിനുള്ളില്‍ പരാതി പരിശോധിച്ച് ബന്ധപ്പെട്ട എ.ആര്‍.ഒ തീരുമാനമെടുക്കുകയും ചെയ്യും. ഇതുവരെ 22 പരാതികളാണ് ലഭിച്ചത്. അതില്‍ 19 പരാതികള്‍ പരിഹരിക്കുകയും മൂന്നെണ്ണം പൊലീസ് സൈബര്‍ ക്രൈം നോഡല്‍ ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു. ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ വാഹനപരിശോധനയില്‍ ആറാട്ടുപുഴ പാലത്തിന് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 16 കുപ്പി വിദേശമദ്യം പിടിച്ചെടുത്ത് എക്സൈസ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
വിവിധ വകുപ്പുകളില്‍ നിന്ന് പദ്ധതി നിര്‍വഹണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ടെങ്കില്‍ വകുപ്പിന്റെ ജില്ലാ മേലധികാരി വഴി വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമെങ്കില്‍ അത്തരം പരാതികള്‍ ചീഫ് സെക്രട്ടറി തലവനായ സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.