നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ചലച്ചിത്ര നടി മിയയും. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്) ഭാഗമായാണ് മിയയുടെ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.
”ഞാന്‍ ഒരു വോട്ടറാണ്. ഏപ്രില്‍ 23ന് എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിക്കും. എന്നെപ്പോലെ നിങ്ങളും വോട്ടവകാശം വിനിയോഗിക്കണം. സാക്ഷരതയില്‍ നൂറു ശതമാനം കൈവരിച്ച കോട്ടയത്തിന് ഇക്കുറി പോളിംഗിലും നൂറു ശതമാനം”-കോട്ടയംകാര്‍ക്കുള്ള മിയയുടെ സന്ദേശം ഇങ്ങനെ. ഇതിനു പുറമെ വിവിപാറ്റ് സംവിധാനത്തെക്കുറിച്ചുള്ള മറ്റൊരു വീഡിയോയുമുണ്ട്.
തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി പ്രചാരണം നടത്തുന്നതെന്ന്  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍ പറഞ്ഞു.