വിവിധ ബാങ്കുകൾ വഴിയും ഓൺലൈൻ ട്രാൻസേഷൻ ആപ് വഴിയും നടക്കുന്ന അനധികൃത പണമിടപാടുകൾ നിരീക്ഷിക്കും. വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആനന്ദ് കുമാറാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ജില്ലാ ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ തെളിവു സഹിതം സൂക്ഷിക്കണം. ഇതിനായി വിഡിയോ, ഫോട്ടോഗ്രാഫി സംവിധാനങ്ങളടക്കം ഉപയോഗപ്പെടുത്തും.
ഓരോ ദിവസത്തെയും പ്രവർത്തന റിപോർട്ടുകൾ വിവിധ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ അതാത് ദിവസം തെരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗത്തിന് സമർപ്പിക്കുകയും വേണം. പണമിടപാടുകളിൽ പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്ത കേസുകളിൽ സൂക്ഷ്മ പരിശോധന നടത്തും. നിയമവിധേയമല്ലാതെ ഫോറിൻ കറൻസി സൂക്ഷിക്കുന്നതിനു പിടിവീഴും. പരാതി ലഭിച്ചാൽ പരിശോധിച്ച് സത്യാവസ്ഥ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് ജോലികളിൽ നിയോഗിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ ജാഗ്രത പാലിക്കണം. കക്ഷിരാഷ്ട്രീയപരമായി ഇടപ്പെടാൻ പാടില്ല. പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ സി-വിജിൽ ആപ് അടക്കമുള്ള സംവിധാനങ്ങൾ സജീവമാണെന്നും തെരഞ്ഞെടുപ്പ് നിരീക്ഷികൻ ആനന്ദ് കുമാർ പറഞ്ഞു. സ്ഥാനാർത്ഥികളുടെ പൊതുപരിപാടികൾ നിരീക്ഷിച്ച് ചെലവ് ചിട്ടപ്പെടുന്നതിനോടൊപ്പം പെരുമാറ്റചട്ട ലംഘനവും റിപോർട്ട് ചെയ്യാനും നിർദേശമുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാവുന്നതു വരെ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സേവനം ആഴ്ച്ചയിൽ ഏഴുദിവസവും 24 മണിക്കൂറും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഒഴുക്ക് തടയാൻ വിവിധ സേനകളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കാനും അതാത് ദിവസത്തെ മദ്യത്തിന്റ സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കാൻ എക്‌സൈസ് വകുപ്പിനു നിർദേശവും നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആനന്ദ്് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യയോഗത്തിൽ എഡിഎം കെ. അജീഷ്, സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ഗ്രാമവികസന വകുപ്പ് പ്രൊജക്ട് ഡയറക്ടറും ചെലവ് നിരീക്ഷണ നോഡൽ ഓഫീസറുമായ പി.സി മജീദ്, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.