വയനാട് പാർലമെന്റ് മണ്ഡലത്തിൽ മൽസരിക്കുന്ന രണ്ടു സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മലപ്പുറം മാറഞ്ചേരി പണിക്കവീട്ടിൽ പയ്യപ്പുള്ളി സുനീർ ആണ് ആദ്യ പത്രിക നൽകിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അംഗമായ സുനീർ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. ഘടകകക്ഷി നേതാക്കൾക്കൊപ്പമെത്തിയ അദ്ദേഹം രണ്ടു സെറ്റ് പത്രിക വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന് കൈമാറി. സി.കെ ശശീന്ദ്രൻ എംഎൽഎ, നേതാക്കളായ എം.വി ശ്രേയാംസ്‌കുമാർ, പി. സന്തോഷ് കുമാർ, ആലിസ് മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടിൽ ഷിജോ എം. വർഗീസും പത്രിക സമർപ്പിച്ചു. ഹരിത തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതു പാലിക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ സ്ഥാനാർത്ഥികളെയും നേതാക്കളെയും ഓർമിപ്പിച്ചു. സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ www.ceo.kerala.gov.in, www.affidavit.eci.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.