ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ഇലക്ട്രൽ ഓഫീസറുടെ നേതൃത്വത്തിൽ  ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് ശിൽപ്പശാല നടത്തി. ചീഫ് ജസ്റ്റിസ് റിഷികേശ് റോയി ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ, ഐ. ഐ. ടി മുംബയിലെ പ്രൊഫസറും ഇലക്ഷൻ കമ്മീഷൻ ടെക്നിക്കൽ കമ്മിറ്റിയിലെ വിദഗ്ധനുമായ പ്രൊഫ. ദിനേശ് ശർമ എന്നിവർ വോട്ടിംഗ് മെഷീനും വിവിപാറ്റും പരിചയപ്പെടുത്തി.
ഹൈക്കോടതി ബാൻക്വറ്റ് ഹാളിൽ നടന്ന ശിൽപ്പശാലയിൽ വിവിപാറ്റ് സംവിധാനത്തിന്റെ പ്രവർത്തനവും പ്രാധാന്യവും ഉദ്ദേശ്യവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു. ഇവിഎം, വിവിപാറ്റ് എന്നിവയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മറ്റു സാങ്കേതിക വശങ്ങളും സംബന്ധിച്ചും പ്രൊഫ. ദിനേശ് ശർമ സംസാരിച്ചു. മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് ജഡ്ജിമാർ ഉന്നയിച്ച ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിൽപ്പശാല സംഘടിപ്പിച്ചതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും ഇലക്ഷൻ കമ്മീഷനെയും ജഡ്ജിമാർ അഭിനന്ദിച്ചു.
ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള നന്ദി പറഞ്ഞു.