ഹാന്റക്‌സ് പുറത്തിറക്കിയ പ്രീമിയം ക്വാളിറ്റി കൈത്തറി ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ വസ്ത്രശേഖരവുമായി ഈ വർഷത്തെ വിഷുവിനെ വരവേൽക്കുവാനായി ഷോറൂമുകൾ ഒരുങ്ങി. ഹാന്റക്‌സ് അവതരിപ്പിച്ച പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളായ റോയൽ മുണ്ടുകൾ, കൂത്താംപുള്ളി കളർസാരികൾ എന്നിവയ്ക്ക് വൻ പ്രചാരമാണ് ഉപഭോക്താക്കൾക്കിടയിൽ ലഭിച്ചത്. ബാലരാമപുരം ഉണക്ക് പാവിൽ നിർമ്മിച്ച റോയൽ മുണ്ടുകൾ പരമ്പരാഗത രീതിയിലാണ് ഉത്പാദിപ്പിക്കുന്നത്. പ്രീമിയം ക്വാളിറ്റിയിൽ പുറത്തിറക്കിയ മറ്റൊരു ഉത്പന്നമാണ് കൂത്താംപുള്ളി കളർ സാരികൾ. തൃശൂർ ജില്ലയിലെ കൂത്താംപുള്ളി ഗ്രാമത്തിൽ കുടിയേറിപാർത്ത ദേവാംഗ സമുദായത്തിൽപ്പെട്ടവർ പാരമ്പര്യമായി ഉത്പാദിപ്പിച്ചുവരുന്ന ഈ സാരികൾക്ക് ഭൗമശാസ്ത്ര സൂചിക പ്രകാരം ബൗദ്ധിക സ്വത്തവകാശം ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടെ സ്ത്രീകൾക്കിടയിൽ അംഗീകാരം നേടിയ സാരികൾ നൂറോളം ഡിസൈനിലും, കളറിലും ഹാന്റക്‌സ് ഷോറുമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
കൈത്തറി ഉത്പന്നങ്ങളായ ബെഡ്ഷീറ്റുകൾ, സാരികൾ, സെറ്റുമുണ്ടുകൾ, കൈലി, ഒറ്റമുണ്ട്, ഫർണിഷിംഗ് മുതലായവയുടെ വൻശേഖരം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. വിഷുക്കാലയളവിൽ റിബേറ്റ് ആനുകൂല്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. കൈത്തറി റെഡിമെയ്ഡ് ഷർട്ടുകളും അവയ്ക്കിണങ്ങിയ ദോത്തികളും ഓണത്തോടെ ഷോറൂമുകളിൽ എത്തിക്കുന്നതിനുള്ള പണിപ്പുരയിലാണ് ഹാന്റക്‌സ്. ഹാന്റക്‌സിന്റെ സ്വന്തം ഗാർമെന്റ്‌സ് യൂണിറ്റിൽ ഉത്പാദിപ്പിച്ച് പുറത്തിറക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾക്കാവശ്യമായ പ്രീമിയം ക്വാളിറ്റി ഷർട്ടിംഗ് തുണികളുടെ ഉത്പാദനം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കൈത്തറികളിൽ ആരംഭിച്ചിട്ടുണ്ട്.