വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ വോട്ടർമാർക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അടിസ്ഥാന സൗകര്യങ്ങളൊരുക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും ആവശ്യനുസരണം കുടിവെള്ളവും കസേര, ബെഞ്ച് , ടേബിൾ തുടങ്ങിയ ഫർണിച്ചർ സൗകര്യങ്ങളും വോട്ടർമാർക്കായി ഒരുക്കും. വോട്ടർമാർക്കായി പ്രഥമ ശുശ്രൂഷയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റും ഒരു ഡോക്ടരുടെ സേവനവും ബൂത്തുകളിൽ സജ്ജീകരിക്കും. ഒന്നിലധികം ബൂത്തുകളുള്ള പ്രദേശങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വോട്ടർമാരെ സഹായിക്കുന്നതിനുള്ള സഹായ കേന്ദ്രം സജ്ജമാക്കും. ആവശ്യമെങ്കിൽ വോട്ടർ പട്ടിക പരിശോധിക്കാനുള്ള അവസരവും ഉണ്ടാവും. വോട്ടർമാരുടെ കുട്ടികളെ താൽക്കാലികമായി നോക്കുന്നതിന് ആയമാരുടെ സേവനവും പോളിംഗ് ബൂത്തുകളിൽ ഉറപ്പ് വരുത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടാവും. വോട്ടർമാരുടെ വരി നിയന്ത്രിക്കുന്നതിനും ഭിന്നശേഷി വോട്ടർമാരെ സഹായിക്കുന്നതിനും എൻ .സി. സി. , എൻ. എസ്. എസ് .തുടങ്ങിയ വിദ്യാർത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാർ മുതിർന്ന പൗരന്മാർ എന്നിവർക്കായി ഒരു വരിയും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വരികൾ ഉൾപ്പടെ വോട്ടർമാർക്ക് മൂന്ന് വരികൾ ഒരുക്കും.

ഭിന്നശേഷി വോട്ടർമാർക്ക് പോളിങ്ങ് ബൂത്തുകളിൽ പ്രത്യേക സൗകര്യങ്ങൾ

ജില്ലയിലെ ഭിന്നശേഷി വോട്ടർമാർക്കായി പോളിങ് ബൂത്തുകളിൽ താൽക്കാലിക റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരെ ബൂത്തിലെത്തിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ വിദ്യാർത്ഥി സംഘടനകളുടെ സഹായത്തോടെയാണ് ഭിന്നശേഷി വോട്ടർമാരെ ബൂത്തിലെത്തിക്കുക.
പഞ്ചായത്തുകളിൽ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സർക്കാർ വാഹനങ്ങൾ ഇതിനായി ഉപയോഗിക്കും.
നിലവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 6881 ഭിന്നശേഷി വോട്ടർമാരാണ്. ഇതിൽ 834 പേർ സംസാര-ശ്രവണ വൈകല്യമുള്ളവരും 655 പേർ കാഴ്ചവൈകല്യമുള്ളവരും 4036 പേർ ചലനശേഷി ഇല്ലാത്തവരുമാണ്. മറ്റു വൈകല്യങ്ങളുള്ളവർ 1356 പേരാണ്. ഭിന്നശേഷി വോട്ടർമാരായവർക്ക് ബൂത്തിലെത്താൻ വാഹനസൗകര്യം ആവശ്യമുണ്ടെങ്കിൽ പി.ഡബ്ല്യു.ഡി (പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി) ആപ്ലിക്കേഷനിലൂടേയാണ് അപേക്ഷിക്കേണ്ടത്. ഇതിനു സാധിക്കാത്തവർ ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ വഴി അപേക്ഷിക്കാം. നിലവിൽ ജില്ലയിൽ പി.ഡബ്ല്യു.ഡി ആപ്പിലൂടെ 3000 പേരാണ് വാഹനസൗകര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
വാഹനസൗകര്യം ആവശ്യപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കൈമാറുകയും തഹസിൽദാർമാർ ബന്ധപ്പെട്ട നോഡൽ ഓഫീസർമാർക്ക് കൈമാറുകയും ചെയ്യും. നോഡൽ ഓഫീസർമാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതാണ്.

വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യവുമായി തോൽപ്പാവക്കൂത്ത്

ജനാധിപത്യ സംവിധാനം കെട്ടിപ്പെടുക്കുന്നതിൽ ഓരോ പൗരന്റെയും വോട്ട് വിലപ്പെട്ടതാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ തോൽപ്പാവക്കൂത്ത്. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ), പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി സംഘടിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് ഇന്ന്(ഏപ്രിൽ10) ആരംഭിക്കും. രാവിലെ 10.30 നാണ് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്നും പ്രദർശനം ആരംഭിക്കും.
ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി (ഏപ്രിൽ 12 വരെ) ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലേയും നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഥതോൽപ്പാവക്കൂത്ത് പ്രദർശനം നടക്കും. ഒരു ദിവസം നാല് നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രദർശനം.
ആദ്യദിനമായ ഇന്ന് പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് പാവക്കൂത്ത് പ്രദർശിപ്പിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ മുനിസിപ്പൽ സ്റ്റാന്റ്, ഒലവക്കോട് ജംഗ്ഷൻ എന്നിവിടങ്ങളിലും കോങ്ങാട് മണ്ഡലത്തിൽ കോങ്ങാട് ജംഗ്ഷൻ, കല്ലടിക്കോട് ദീപ തിയേറ്റർ, പത്തിരിപ്പാല ജംഗ്ഷൻ, മലമ്പുഴ മണ്ഡലത്തിൽ മലമ്പുഴ ഗാർഡൻ, കഞ്ചിക്കോട് സത്രപ്പടി, ചന്ദ്രാപുരം ജംഗ്ഷൻ, അട്ടപ്പള്ളം, മണ്ണാർക്കാട് മണ്ഡലത്തിൽ തച്ചമ്പാറ, മണ്ണാർക്കാട് കോടതിപ്പടി എന്നിവിടങ്ങളിലും പ്രദർശനം നടത്തും.
തോൽപ്പാവക്കൂത്തിലെ നൂൽപ്പാവക്കൂത്ത്, നിഴൽപ്പാവക്കൂത്ത് എന്നിവയാണ് പ്രദർശിപ്പിക്കുക. പകൽ സമയങ്ങളിൽ നൂൽപ്പാവക്കൂത്തും രാത്രിയിൽ നിഴൽപ്പാവക്കൂത്തുമായി രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം. കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്‌ക്കാരം നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ രാജീവ് പുലവറുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജില്ലാകലക്ടർ ഡി.ബാലമുരളി, സ്വീപ്പ് നോഡൽ ഓഫീസർ കൂടിയായ ആർ.ഡി.ഓ രേണു, ഐ.ഒ, ഉദ്യോഗസ്ഥർ പങ്കെടുക്കും.