90 വിദ്യാലയങ്ങള്‍ക്ക് നൂറു ശതമാനം
എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് 97.71 ശതമാനം വിജയം. ജില്ലയിലെ 161 സ്‌കൂളുകളില്‍ നിന്നായി 18,975 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 18,541 വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് അര്‍ഹത നേടി. 90 വിദ്യാലയങ്ങള്‍ നൂറു ശതമാനം കൈവരിച്ചപ്പോള്‍ 1461 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളും നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയത്. ആകെ 161 സ്‌കൂളുകളില്‍ 96 സര്‍ക്കാര്‍ വിദ്യാലയങ്ങളും 35 എയ്ഡഡ് വിദ്യാലയങ്ങളും 30 അണ്‍എയ്ഡഡ് വിദ്യാലയങ്ങളുമാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,608 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8,367 പേരുമാണ് പരീക്ഷയെഴുതിയത്. കാസര്‍കോട് 10,238 പേരും കാഞ്ഞങ്ങാട് 8,303 പേരും വിജയിച്ചു. കാസര്‍കോട് 84 സ്‌കൂളുകളിലും കാഞ്ഞങ്ങാട് 77 സ്‌കൂളുകളിലുമാണ് പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സര്‍ക്കാര്‍ വിദ്യാലയം ജിഎച്ച്എസ്എസ് കുട്ടമത്തും (60 വിദ്യാര്‍ത്ഥികള്‍), എയ്ഡഡ് വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും (116 വിദ്യാര്‍ത്ഥികള്‍) ആണ്. ജിഎച്ച്എസ്എസ് ഉദിനൂര്‍, ജിഎച്ച്എസ്എസ് ചായ്യോത്ത് സ്‌കൂളുകളില്‍ 55 വീതം വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 535 വിദ്യാര്‍ത്ഥികളും കാഞ്ഞങ്ങാട് 926 വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയത്തില്‍ എപ്ലസ് നേടി. കാസര്‍കോട് 36ഉം കാഞ്ഞങ്ങാട് 54 ഉം വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി.