മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ     സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ടൗണ്‍ ഹാളില്‍ നടന്ന മഴക്കാല പൂര്‍വശുചീകരണം-ആരോഗ്യ ജാഗ്രത ജില്ലാതല ആലോചനായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. വാര്‍ഡ് തലത്തില്‍ ശുചിത്വ സ്‌കാഡുകള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. വാര്‍ഡ്തല ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് വാര്‍ഡ് തലത്തില്‍ യോഗം ചേരണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ യോഗ നടപടികള്‍ ഏകീകരിക്കണം. ഈ മാസം എട്ട്, 10 തീയതികളില്‍ നടപടികളുടെ മുന്നൊരുക്കം എന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശില്പശാലകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
11, 12 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ നടത്തണം. പ്രദേശത്തെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് കൊതുകുകളുടെ ഉറവിടം, മാലിന്യ കേന്ദ്രങ്ങള്‍ എന്നിവ കണ്ടെത്തുകയും അത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യത്തിന് പണം അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡിന് 25000 രൂപ വീതവും കോര്‍പ്പറേഷനില്‍ 35000 രൂപ വീതവും നല്‍കും. തനത് ഫണ്ട് കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മറ്റ് പദ്ധതിയ്ക്കായുള്ള പണം ചെലവഴിക്കാം. സര്‍ക്കാര്‍ ഇത് തിരികെ നല്‍കും.
പൊതുജനങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് അവബോധം നല്‍കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേക യോഗങ്ങള്‍ വിളിച്ചുകൂട്ടി പൊതുജനപങ്കാളിത്തം ഉറപ്പു വരുത്തണം. തൊഴില്‍ വകുപ്പ്, ഫിഷറീസ് വകുപ്പ്, ഹരിതകേരളം മിഷന്‍, കുടുംബശ്രീമിഷന്‍ എന്നിവയുടെ സേവനങ്ങളും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍  വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, തദ്ദേശ സ്വയംഭരണ ജനപ്രതിനധികള്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. എസ് സന്ധ്യ, അഡീഷണല്‍ ഡി സി പി പി.എ. മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ സന്നിഹിതരായി.