കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കിവരുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. പദ്ധതിയിൽ അംഗങ്ങളാകുന്ന ക്ഷേമനിധി അംഗങ്ങൾക്ക് പ്രീമിയം തുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കും. https://app.ksheerasanthwanam.co.in/ വെബ്സൈറ്റിലൂടെ മാർച്ച് 10 നകം അംഗങ്ങളാകാൻ അപേക്ഷ നൽകാം.
പദ്ധതിയിൽ ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പരിരക്ഷ ലഭിക്കുന്നു. ആരോഗ്യ സുരക്ഷ പദ്ധതിയിൽ 80 വയസ്സ് വരെയുള്ള കർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കൂടാതെ അംഗങ്ങളാകാം. 2 ലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. 10 ശതമാനം Copay ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എൻറോൾ ചെയ്യുന്ന കർഷകരുടെ ക്ലെയിം തുകയുടെ 90 ശതമാനം ഇൻഷുറൻസ് കമ്പനിയും 10 ശതമാനം കർഷകരും വഹിക്കും. ആരോഗ്യ സുരക്ഷ പദ്ധതിയിൽ ക്ഷീര കർഷകർക്ക് 10,800 രൂപയും ജീവിത പങ്കാളിക്ക് 8,213 രൂപയും ഒരു കുട്ടിക്ക് 4,449 രൂപയുമാണ് പ്രീമിയം തുക.
അപകടസുരക്ഷ പദ്ധതിയിൽ പ്രീമിയം തുക കർഷകർക്ക് 305 രൂപയാണ്. അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 18 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ 354 രൂപ അടച്ച് അംഗങ്ങളാകാവുന്നതും സ്വാഭാവിക മരണം സംഭവിച്ചാൽ 1 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതുമാണ്. ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുക അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ് ലെസ് ചികിത്സ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിൽ ചികിത്സയ്ക്ക് റീ-ഇംബേഴ്സ്മെന്റ് സൗകര്യവും ലഭ്യമാണ്. ആശുപത്രി ചികിത്സയ്ക്ക് മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾ യഥാക്രമം 30, 60 ദിവസത്തേക്ക് ലഭിക്കും. പദ്ധതിയിൽ അംഗങ്ങളാകുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനുമായി തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടണം.
