ഈ മാസം 11, 12 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശുചീകരണ യജ്ഞത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
എ.ഡി.എം, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാകും ജില്ലാതല ഏകോപനത്തില്‍ കളക്ടറെ സഹായിക്കുക.
മുനിസിപ്പാലിറ്റി തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം സബ് കളക്ടര്‍(കോട്ടയം മുനസിപ്പാലിറ്റി), പാലാ ആര്‍.ഡി.ഒ(പാലാ, ഇരാറ്റുപേട്ട മുനിസിപ്പാലിറ്റികള്‍), ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍(ചങ്ങനാശേരി മുനിസിപ്പാലിറ്റി), പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍(വൈക്കം മുനിസിപ്പാലിറ്റി), ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍(ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി) എന്നിവര്‍ നേതൃത്വം നല്‍കും. ബ്ലോക്ക് പഞ്ചായത്തുകളിലെ ഏകോപനത്തിനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാടിനെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന കര്‍മ്മപരിപാടിയില്‍ പൊതു സമൂഹത്തിന്റെ പൂര്‍ണ സഹകരണം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
 മെയ് 11, 12 തീയതകളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ അജൈവ മാലിന്യങ്ങള്‍ തംതിരിച്ച് ചാക്കുകളില്‍ ശേഖരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന സ്ഥലത്ത് സൂക്ഷിക്കും. ഷ്രെഡ് ചെയ്യാന്‍ കഴിയാത്ത അജൈവ മാലിന്യങ്ങള്‍  തരംതിരിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ പരിസ്ഥിതിക്കും ജല സ്രോതസുകള്‍ക്കും ദോഷം ചെയ്യാത്ത വിധത്തില്‍ മറവു ചെയ്യും.
യോഗത്തില്‍ എ.ഡി.എം. സി.അജിതകുമാര്‍  ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. എം ഷഫീക്ക്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.