എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ല കൈവരിച്ചത് 96.51 ശതമാനം വിജയം. ജില്ലയില്‍ 41254 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 39815 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ആകെയുള്ള 205 സ്‌കൂളുകളില്‍ 69 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 26 സര്‍ക്കാര്‍ സ്‌കൂളുകളും, എട്ട് എയ്ഡഡ് സ്‌കൂളുകളും, 35 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. നെല്ലിപുഴ ഡി.എച്ച്.എസിലെ പരീക്ഷയെഴുതിയ 504 പേരില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ ഗവ. ജി.എച്ച്.എസ്. പെരുങ്ങോട്ടുകുറിശ്ശി നൂറു ശതമാനം വിജയം നേടി.
2223 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്
ജില്ലയില്‍ 2223 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 721 വിദ്യാര്‍ത്ഥികള്‍ (563 പെണ്‍കുട്ടികള്‍, 158 ആണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 927 വിദ്യാര്‍ത്ഥികളും, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും 575 പേരും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല 97.3 ശതമാനത്തോടെ ഒന്നാമത്
കൂടുതല്‍ എ പ്ലസുകള്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക്
വിദ്യാഭ്യാസ ജില്ലകളില്‍ 97. 3 ശതമാനം വിജയത്തോടെ ഒറ്റപ്പാലം ഒന്നാമതായി. മണ്ണാര്‍ക്കാട് 97.23 ശതമാനവും, പാലക്കാട് 95.61 ശതമാനവും വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് പാലക്കാട് വിദ്യാഭ്യാസ ജില്ലയിലാണ്. 927 വിദ്യാര്‍ത്ഥികളാണ് സമ്പൂര്‍ണ എ പ്ലസ് നേടിയത്. ഒറ്റപ്പാലത്ത് 590 വിദ്യാര്‍ത്ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 707 വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയങ്ങള്‍ക്കും സമ്പൂര്‍ണ എ.പ്ലസ് നേടി. ജില്ലയില്‍ മൊത്തം വിജയ ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ദ്ധനവ് വന്നിട്ടുള്ളതായും ജില്ലയിലെ നാല് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയതായും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
അട്ടപ്പാടി മോഡല്‍ റസിഡഷ്യല്‍ സ്‌കൂളിന് 100 ശതമാനം വിജയം
അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 35 വിദ്യാര്‍ത്ഥികളില്‍ 35 പേരും വിജയിച്ച് 100 ശതമാനം വിജയം നേടി. ഷോളയൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ 97 പേരില്‍ 95 പേര്‍ വിജയിച്ചു. പുതൂര്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളില്‍ 37 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 35 പേര്‍ വിജയിച്ചു. അട്ടപ്പാടി മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ അഗളി ഗവ. ഹൈസ്‌കൂളില്‍ 269 പേര്‍ പരീക്ഷയെഴുതിയതില്‍ 231 പേരും വിജയിച്ചു.