നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നഗരത്തിലെ തിരക്കേറിയ ഇടങ്ങളില്‍ ബയോബിന്നുകള്‍ സ്ഥാപിക്കുന്നു. പാലക്കാട് നഗരസഭയ്ക്ക് കീഴിലെ വിവിധ വാര്‍ഡുകളിലായി 24 ഇടങ്ങളിലാണ് ബയോബിന്നുകള്‍ സ്ഥാപിക്കുക. ഇതിനു പുറമെ 13 സ്ഥലങ്ങളില്‍ തുമ്പൂര്‍മുഴി, എം.സി.എഫ് എന്നിവയും സ്ഥാപിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന ശുചിത്വമിഷന് സമര്‍പ്പിച്ചു. ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായാണ് ബയോബിന്നുകള്‍ സ്ഥാപിക്കുന്നത്. ഇവയില്‍ അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പരിശോധിക്കാന്‍ ഹരിതകര്‍മസേനയെ നിയോഗിക്കും. ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ നഗരസഭയുടെ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലെത്തിച്ച് ജൈവവളമാക്കി മാറ്റും. പാലക്കാട് നഗരസഭാ പരിധിയിലുള്ള ആണ്ടിമഠംനീലിക്കാട്, കോഴിക്കോട് ബൈപ്പാസ്, ചെട്ടിതെരുവ്് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ക്വാര്‍ട്ടേഴ്സ്, മേട്ടുപാളയം സെന്‍ട്രല്‍ എക്സൈസ് ഓഫീസ് ക്വാര്‍ട്ടേഴ്സ്, കല്ലേപ്പുള്ളി എ.ബി.എസ്.എന്‍ ക്വാര്‍ട്ടേഴ്സ്, വിത്തുണ്ണി ദേവി നഗര്‍, എ.ആര്‍ കോളനി, ഹിദായത്ത് നഗര്‍, ശാന്തി നഗര്‍, ബിഗ് ബസാര്‍, മൂത്താന്തറ, വടക്കന്തറ പോലീസ് ക്വാര്‍ട്ടേഴ്സ്, ചിറക്കാട്, ശെല്‍വപാളയം, ഹരിക്കാര സ്ട്രീറ്റ്്, പാളയപേട്ട, കല്ലേക്കാട് കോളനി, പാടത്ത് കോളനി, അമ്പപ്പുറം, മുക്കണത്ത് പറമ്പ്, കേനാത്ത് പറമ്പ്, കാടാങ്കോട്, പോലീസ് ക്വാര്‍ട്ടേഴ്സ് ചിറ്റൂര്‍ റോഡ്, പുത്തൂര്‍ യു.യു.പി സ്‌കൂളിനു സമീപം എന്നിവിടങ്ങളിലായി 47 പോയിന്റുകളിലാണ് ബയോബിന്നുകള്‍ സ്ഥാപിക്കുക.
കൂടാതെ നഗരത്തിലെ 13 ഇടങ്ങളില്‍ ജൈവമാലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റുന്ന തുമ്പൂര്‍മുഴി മാതൃകയും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും (എം.സി.എഫ്) അടുത്തടുത്ത് സ്ഥാപിക്കും. ശംഖുവാരത്തോട് കോളനി, പൂക്കാരത്തോട്ടം, തോണിപാളയം, ആലംങ്കോട്, ഒലവക്കോട്, രമാദേവി നഗര്‍, നരിക്കുത്തി ഓവര്‍ബ്രിഡ്ജിനു താഴെ, ബി.ഒ.സി റോഡ്, മാട്ടുമന്ത എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനു സമീപം, വിത്തുണ്ണി (ഹ്യുണ്ടായ് ഷോറൂമിനു സമീപം), ടൗണ്‍ സ്റ്റാന്റ് (പബ്ലിക് ടോയ്ലറ്റിനു സമീപം), നൂറണി (രുഗ്മിണി നഴ്സിംഗ് ഹോമിനു സമീപം), തിരുനെല്ലായിയാക്കര റോഡ് (തങ്കം ഹോസ്പിറ്റലിനു പിറകുവശം) എന്നിവിടങ്ങളിലായി 13 തുമ്പൂര്‍മുഴിയും എം.സി.എഫുകളുമാണ് സ്ഥാപിക്കുക. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ ഹരിതകര്‍മസേന ശേഖരിക്കും. നിലവില്‍ കുടുംബശ്രീയുടെയും നഗരസഭയുടെയും സിറ്റി ക്ലീനിംഗ് എജന്റുമാരായി പ്രവര്‍ത്തിക്കുന്നവരെ ഹരിതകര്‍മസേനയില്‍ ഉള്‍പ്പെടുത്തും. മാലിന്യനീക്കം നിലച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലായി വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ വേര്‍തിരിച്ച് ശേഖരിക്കും.
