നിശ്ചിത ഗുണനിലവാരമില്ലാത്തതും ഉയര്‍ന്ന തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ചതുമായ പഴങ്ങളും പച്ചക്കറികളും അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് പ്രകാരം കോഴിക്കോട് മേഖല ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ നിയോഗിച്ച ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് മെയ് 8,9 തിയ്യതികളിലായി പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോവിന്ദാപുരം അതിര്‍ത്തി ചെക്ക്് പോസ്റ്റുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നള്ള പച്ചക്കറികള്‍, വെളിച്ചെണ്ണ, മത്സ്യം എന്നിവ പരിശോധിക്കുകയും പഴം, പച്ചക്കറി, വെളിച്ചെണ്ണ എന്നിവയുടെ സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്കായി എറണാകുളം റീജിനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലം ലഭ്യമായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ അന്തര്‍സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ടാകുമെന്നും പാലക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.