ചെങ്കള ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി പടര്‍ന്നു പടിച്ച ഭാഗങ്ങളില്‍ തീവ്രമാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തി പഞ്ചായത്ത് അധികൃതര്‍. പാടി, നെക്രാജെ, അര്‍ലടുക്ക, പൈക്ക തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഭാഗങ്ങളിലെ തോട്ടങ്ങളില്‍ കമുകിന്റെ പാളകളിലും മറ്റുമായി വള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായതിനാലാണ് ഡെങ്കിപ്പനി പടര്‍ന്നത്. ഇതിനെതിരേ പ്രതിരോധം തീര്‍ക്കാനായി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും ബോധവല്‍ക്കരണവും നടത്തിയത്. ചെര്‍ക്കള ടൗണ്‍, പിലാങ്കട്ട സ്‌കൂള്‍ പരിസരം, അര്‍ലടുക്ക കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യ നിര്‍്മ്മാര്‍ജ്ജനം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിവിധ ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, ഭാസ്‌കരന്‍, വിനിരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.