ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാട്ടുകാരുടെ പിന്തുണയോടെ വിവിധ വാര്‍ഡുകളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നത്. വാര്‍ഡുതല ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ മൊഗ്രാല്‍ പുത്തൂരില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഉദ്ഘാടനം ചെയ്തു. ബെള്ളിമൊഗര്‍ തോടില്‍ കുമിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ നീക്കം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പിഎച്ച്്സിയിലേക്കുള്ള റോഡ് മാലിക് ദിനാര്‍ നഴ്സിങ് വിദ്യാര്‍ത്ഥിനികള്‍ വൃത്തിയാക്കി. പഞ്ചായത്ത് പരിധിയിലുള്ള തോടുകള്‍, കനാലുകള്‍, ഓടകള്‍ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിവിധ ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുന്ദരന്‍, റഷീദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ ഷൈലജ, രാജി തുടങ്ങിയവര്‍ സംബന്ധിച്ചു.