സംസ്ഥാനത്തെ ഐ ടി ഐകളില്‍ കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണിത്. പഠനത്തിന്റെ ഭാഗമായി തൊഴില്‍ വൈദഗ്ധ്യം നേടിയെടുക്കുന്ന ഐ ടി ഐ വിദ്യാര്‍ഥികള്‍ക്ക് ഈ പശ്ചാത്തലത്തിലാണ് തൊഴില്‍ സാധ്യത വര്‍ധിക്കുന്നത്.
സിലബസ് പരിഷ്‌കരണം ഉള്‍പ്പെടെ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതോടൊപ്പം ഐ ടി ഐകളുടെ പശ്ചാത്തല സൗകര്യ  വികസനം കൂടി ഉറപ്പാക്കുകയാണ്. കലോത്സവത്തിലെ പങ്കാളിത്തം വഴി ഭാവിയിലേക്കുള്ള പുതിയ വഴികളാണ് വിദ്യാര്‍ഥികള്‍ക്ക് കണ്ടെത്താനാകുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, പ്രിന്‍സിപ്പല്‍ ബി വിജയന്‍, ഐ ടി ഐ യൂണിയന്‍ ഭാരവാഹികളായ സല്‍മ സുലൈമാന്‍, എസ് നന്ദുലാല്‍    തുടങ്ങിയവര്‍ പങ്കെടുത്തു.