അതിക്രമത്തിനിരയാകുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. പോക്‌സോ നിയമം സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു ശോഭാ കോശി.
നിയമത്തിന് എത്താന്‍ കഴിയാത്തിടത്ത് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നാലേ നീതി നടപ്പിലാകൂ. ബാലാവകാശം സംരക്ഷിക്കപ്പെടണമെങ്കില്‍ കുട്ടിയുടെ ഉത്തമ താത്പര്യങ്ങള്‍ എന്തൊക്കെയെന്ന് വിവേചിച്ചറിയാന്‍ കഴിയണം. വസ്തുതകള്‍ പുറത്തു കൊണ്ടുവരുമ്പോള്‍ അവ അവതരിപ്പിക്കുന്ന രീതിയില്‍ സ്വയം നിയന്ത്രണമാകാം. കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടിയുടേയും ബന്ധുക്കളടക്കമുള്ളവരുടേയും സ്വകാര്യത സംരക്ഷിക്കാനാകണം. കുട്ടികള്‍ക്ക് ജീവിതം ഏറെ ബാക്കിയുണ്ടെന്ന ബോധ്യത്തിലാകണം വാര്‍ത്തകളെന്നും ശോഭാ കോശി ഓര്‍മ്മിപ്പിച്ചു.
കുട്ടികളള്‍ക്ക് നേരെയുള്ള അതിക്രമം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അധികാരികത ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് പറഞ്ഞു. ഇരകളാകുന്ന കുഞ്ഞുങ്ങള്‍ക്ക് സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പുനരധിവാസമാണ് ഉറപ്പാക്കേണ്ടതെന്ന് തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. സുബൈര്‍ പറഞ്ഞത്.
കുട്ടികളുടെ ഭാവി കണക്കിലെടുത്താക്കണം മാധ്യമ ഇടപെടലുകളെന്ന് ചര്‍ച്ച നിയന്ത്രിച്ച ബാലാവകാശ സംരക്ഷണ കമ്മീഷനംഗം സി.ജെ. ആന്റണി ഓര്‍മിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സബീനാ ബീഗം, പ്രസ് ക്ലബ്ബ് സെക്രട്ടറി ജി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.