ലൈംഗീകതയെക്കുറിച്ച് കുട്ടികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്നതിലൂടെ ചൂഷണങ്ങളില്‍നിന്നും അവരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പോക്‌സോ നിയമത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിന്റെ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. യാഥാര്‍ത്ഥ്യബോധത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. അതുകൊണ്ടുതന്നെ ലൈംഗീക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ചിന്തയും സജീവമാണ്.
ഒരു വശത്ത് ബാലാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുമ്പോള്‍തന്നെ അതിനെതിരായ പ്രതിരോധവും ആശ്വാസ നടപടികളും സജീവമായതും ആശാവഹമാണ്. കുഞ്ഞുങ്ങളും സമൂഹം പൊതുവിലും മാധ്യമങ്ങളും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കോള്‍ സെന്ററുകളിലേക്ക് നേരിട്ട് വിളിച്ച് സഹായം തേടുന്ന വിധത്തില്‍ കുട്ടികള്‍ അവബോധം നേടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് സമൂഹവും മനസിലാക്കിയിരിക്കുന്നു മന്ത്രി പറഞ്ഞു.
ഷാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ മേഖലയിലെ പ്രവര്‍ത്തന മികവിനുളള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. സനില്‍ വെള്ളിമണ്‍, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ടി. കോമളകുമാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ഏബ്രഹാം ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ആര്‍. സന്തോഷ്, സി.ബി.എം.ആര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി ജി. ബിജു നന്ദിയും പറഞ്ഞു. അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷന്‍, കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, മയ്യനാട് സ്‌നേഹതീരം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ശിശുസൗഹൃദ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നല്‍കിയത്. ഫുട്‌ബോളില്‍ മികവ് തെളിയിച്ച കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ മണികണ്ഠന് ചടങ്ങില്‍ ഉപഹാരം നല്‍കി.