300 കുടകളില്‍ നിന്നും 30000ലേക്ക്


അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ കരവിരുതില്‍ തയ്യാറാവുന്ന കാര്‍ത്തുമ്പി കുടകള്‍ മഴയെത്തും മുമ്പേ വിപണിയിലേക്ക് എത്തി തുടങ്ങി. മുഖ്യധാരാ വിപണിയില്‍ ചെറുതല്ലാത്ത ഒരിടം കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ കാര്‍ത്തുമ്പി കുടനിര്‍മ്മാണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. പദ്ധതി തുടങ്ങി ആദ്യവര്‍ഷം 300 കുടകള്‍ മാത്രം നിര്‍മ്മിച്ചിരുന്നിടത്ത് ഇത്തവണ മുപ്പതിനായിരത്തിലധികം കുടകളാണ് നിര്‍മ്മിച്ചത്.  സ്ത്രീകളോടൊപ്പം വിപണനത്തിന് പുരുഷന്മാരും സഹായിക്കുന്നുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ.ടി.ഡി.പി, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി വിപുലപ്പെടുത്തിയത്.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴില്‍ പദ്ധതിയായി 2015ല്‍ ആദ്യവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്.  2017 ല്‍ പട്ടികവര്‍ഗ വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ അയ്യായിരം കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

20 ഊരുകളില്‍ നിന്നായി 18 വയസ് മുതല്‍ 50 വയസ്സുവരെയുള്ള 100 ലധികം സ്ത്രീകളാണ് നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു യൂണിറ്റിനകത്ത് ഇരുന്ന് ചെയ്തിരുന്ന കുട നിര്‍മാണം ഇന്ന് കുടില്‍ വ്യവസായമായി വിപുലീകരിച്ച് നൂറു കണക്കിന്  വീടുകളിലേക്ക് എത്തിച്ചു. ഒരു കുട നിര്‍മ്മിച്ചാല്‍ 30 രൂപയാണ് ലഭിക്കുക. ഇങ്ങനെ ഒരു ദിവസം ഒരാള്‍ക്ക് 500 രൂപ വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ലാഭവിഹിതം വര്‍ഷത്തില്‍ രണ്ടുതവണ അട്ടപ്പാടി മല്ലീശ്വര ഉത്സവത്തിനും സ്‌കൂള്‍ തുറക്കുന്ന സമയങ്ങളിലും തൊഴിലാളികള്‍ക്ക് നല്‍കുന്നു.

മുംബൈയില്‍ നിന്നും കുട നിര്‍മ്മാണത്തിനു വേണ്ട സാമഗ്രികള്‍ തമ്പ് പ്രതിനിധികള്‍ നേരിട്ടു പോയാണ് എടുക്കുന്നത്. കേരള സ്റ്റൈല്‍ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ ഫോള്‍ഡ് കുടകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.  കളര്‍ ത്രീ ഫോള്‍ഡ് കുടയ്ക്ക് ഒന്നിന് 325 രൂപയും ത്രീ ഫോള്‍ഡ് കറുപ്പിന് 310 രൂപയുമാണ് വില. അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ കാര്‍ത്തുമ്പി കുടകള്‍ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ വഴിയും, എം.എല്‍.എ.മാരുടെ വിവിധ പദ്ധതികളിലൂടെയും കുട വിപണിയില്‍ എത്തിക്കുന്നുണ്ട്. ഫോണ്‍ മുഖേന ഓര്‍ഡര്‍ എടുക്കുന്നവര്‍ക്ക് പോസ്റ്റല്‍ മുഖേനയും കുട എത്തിക്കും. വരും വര്‍ഷങ്ങളില്‍  വലിയ തോതില്‍ പദ്ധതി വിപുലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. കരവിരുതിന് പുറമെ ആദിവാസി സ്ത്രീകളുടെ അതിജീവനത്തിന്റെ കരുത്തും ഓരോ കുടയിലും പ്രതിഫലിക്കുന്നുണ്ട്.