ഭാര്യ വീട്ടു തടങ്കലില്‍ അകപ്പെട്ടതായി പട്ടാമ്പി സ്വദേശിയായ ദളിത്- ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ പൊലീസ് പരാതിയിലും തുടര്‍ന്നുളള മാധ്യമ വാര്‍ത്തകളുടെ അടി്സ്ഥാനത്തിലും സംസ്ഥാന വനിത കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടു . കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാക്കുകയും കമ്മീഷന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷനംഗം ഷിജി ശിവജി സംഭവത്തില്‍ പ്രാഥമികമായി ഇടപ്പെട്ടത്. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന്് വ്യക്തമാവുകയും പ്രായപൂര്‍ത്തിയായ ഒരാളെന്ന നിലയില്‍ ആരുടെ ഒപ്പം ജീവിക്കണമെന്നതില്‍ പെണ്‍കുട്ടി തന്റെ മനോധര്‍മ്മമനുസരിച്ച് കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കട്ടെയെന്നും ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലെത്തിയ കമ്മീഷന്‍് അധ്യക്ഷ എം.സി ജോസഫൈന്‍ പെണ്‍കുട്ടിയും ബന്ധുക്കളുമായും സംസാരിച്ച ശേഷം അറിയിച്ചു. പൊലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും യുവാവുമായുള്ള വിവാഹം മെയ് രണ്ടിനാണ് നടന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി പിതാവ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പിതാവിനോടൊപ്പം പോവുകയായിരുന്നുവെന്ന് അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. പിന്നിട് ഭാര്യയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായപ്പോള്‍ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
