ഏഴു തദ്ദേശ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. തവിഞ്ഞാൽ, നൂൽപ്പുഴ, എടവക, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെയും സുൽത്താൻ ബത്തേരി നഗരസഭയുടെയും വാർഷിക പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ 62 രണ്ടാംഘട്ട പ്രപ്പോസലുകൾ സർക്കാരിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. സുൽത്താൻ ബത്തേരി നഗരസഭയുടെ 2019-20 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷൻപ്ലാൻ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. വൃക്കരോഗികളുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ജീവനം പദ്ധതി നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ സഹകരണം പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ് ഓഫിസർ കെ.പി ഷാജി, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.