കേരളത്തിലെ ആഴക്കടലിൽ മത്‌സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതൽ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭ്യമാക്കുന്നതിനു ഐ.എസ്.ആർ.ഒയുമായി ചേർന്ന് സംസ്ഥാന സർക്കാർ ഒരുക്കുന്ന സംവിധാനമാണ് നാവിക്. ബോട്ടുകളിൽ സ്ഥാപിക്കുന്നതിന് ഐ. എസ്. ആർ. ഒ പ്രത്യേകമായി വികസിപ്പിച്ച 250 നാവിക് സംവിധാനം ജനുവരിയിൽ സർക്കാരിന് ലഭിക്കും. രണ്ടാം ഘട്ടത്തിൽ 250 എണ്ണം കൂടി ഫെബ്രുവരിയിൽ നൽകും. ആയിരം എണ്ണം സർക്കാർ പണം നൽകി വാങ്ങും. ഇതിനു ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറി ആവശ്യമുള്ള നാവിക് സംവിധാനം സർക്കാർ നിർമ്മിക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം തിരുവനന്തപുരത്ത് പ്രവർത്തിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ഐ.എസ്.ആർ.ഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസും, കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുളള വിവരങ്ങൾ മാസ്റ്റർ കൺട്രോൾ റൂമിൽ ലഭിക്കും. മാസ്റ്റർ കൺട്രോൾ റൂമിൽ ലഭ്യമായ വിവരങ്ങൾ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുളള ആറ് മേഖലാ കൺട്രോൾ റൂമുകൾക്ക് ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം മലയാളത്തിൽ എത്തും. കടലിൽ 1500 കിലോമീറ്റർ അകലെവരെയുള്ള മത്സ്യത്തൊഴിലാളികൾക്കും സന്ദേശം ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. മത്സ്യ ലഭ്യതാ പ്രദേശങ്ങൾ കണ്ടെത്തുന്നതിനും, മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വില അറിയുന്നതിനുമുളള സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും.