കെ.എ.എസ്. ജനുവരി 1 ന് നിലവിൽ വരും
സർക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് 2018 ജനുവരി 1 ന് നിലവിൽവരും. കെ.എ.എസിന്റെ വിശേഷാൽ ചട്ടങ്ങൾക്ക് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവ്വീസ് സംഘടനകളുമായി ഗവൺമെന്റ് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് ചട്ടങ്ങൾക്ക് അവസാന രൂപം നൽകിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥർക്ക് ഉയർന്നതലത്തിലുള്ള ഭരണകാര്യങ്ങളിൽ കൂടുതൽ അവസരം നൽകുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്.
മൂന്ന് ധാരകൾ വഴിയാണ് കെ.എ.എസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ്
1. നേരിട്ടുള്ള നിയമനം. പ്രായപരിധി – 32 വയസ്സ്. പിന്നോക്ക വിഭാങ്ങൾക്കും എസ്.സി.എസ്.ടി കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത – സർവ്വകലാശാല ബിരുദം.
2. നിലവിലുള്ള ജീവനക്കാരിൽ നിന്ന് ട്രാൻസ്ഫർ മുഖേനയുള്ള നിയമനം. പ്രായപരിധി – 40 വയസ്സ്, വിദ്യാഭ്യാസ യോഗ്യത – ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാർക്ക് അപേക്ഷിക്കാം. സർവ്വീസിൽ രണ്ടുവർഷം പൂർത്തിയായിരിക്കണം.
3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി – 50 വയസ്സ്. യോഗ്യത – ബിരുദം.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സർക്കാർ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.
പോൾ ആന്റണി അടുത്ത ചീഫ് സെക്രട്ടറി
ഡോ. കെ.എം. എബ്രഹാം ഡിസംബർ 31ന് വിരമിക്കുന്ന ഒഴിവിൽ ചീഫ് സെക്രട്ടറിയായി വ്യവസായം – ഊർജ്ജം അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ താൽക്കാലിക ചുമതല ജനുവരി 1 മുതൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിനു നൽകാൻ തീരുമാനിച്ചു. ഊർജ്ജ വകുപ്പിന്റെ താൽക്കാലിക ചുമതല വൈദ്യുതി ബോർഡ് ചെയർമാൻ ഇളങ്കോവനായിരിക്കും. ചീഫ് സെക്രട്ടറി എന്ന നിലയിൽ കെ.എം. എബ്രഹാമിന്റെ സ്തുത്യർഹമായ സേവനത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.
ഡോ. കെ.എം. എബ്രഹാം ഇന്നവേഷൻ കൗൺസിൽ ചെയർമാൻ
നിലവിലുള്ള കേരള സംസ്ഥാന ഇന്നവേഷൻ കൗൺസിൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാം കൗൺസിലിന്റെ ചെയർമാനായിരിക്കും. പ്രശസ്ത നാനോ ശാസ്ത്രജ്ഞൻ ഡോ. പുളിക്കൽ അജയൻ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, ബാങ്കിംഗ് വിദഗ്ധൻ ശ്യാം ശ്രീനിവാസൻ, പ്രശസ്ത രസതന്ത്ര ഗവേഷൻ ഡോ. കെ.എം. എബ്രഹാം (യു.എസ്.എ.) എന്നിവർ അംഗങ്ങളായിരിക്കും.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സി.ഇ.ഒ.യുടെ ചുമതല ഡോ.കെ.എം. എബ്രഹാം തുടർന്നും വഹിക്കും. സർക്കാരിന്റെ ധനകാര്യ (ഇൻഫ്രാസ്ട്രക്ച്ചർ) ആസൂത്രണ – സാമ്പത്തിക കാര്യ (ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ) എന്നീ വകുപ്പുകളുടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഡോ. എബ്രഹാം.
കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ കണക്ടിവിറ്റി പാക്കേജായി നാല് പദ്ധതികൾ നടപ്പാക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി.
1. തലശ്ശേരി – കൊടുവള്ളി – മമ്പറം – അഞ്ചരക്കണ്ടി – മട്ടന്നൂർ എയർപോർട്ട് റോഡിൽ മട്ടന്നൂർ മുതൽ വായന്തോട് വരെയുള്ള ഭാഗം ഉൾപ്പെടുത്തും.
2. കുറ്റ്യാടി – നാദാപുരം – പെരിങ്ങത്തൂർ – മേക്കുന്ന് – പാനൂർ – പൂക്കോട് – കൂത്ത് പറമ്പ് – മട്ടന്നൂർ റോഡ്, വനപ്രദേശം ഒഴികേയുള്ള മാനന്തവാടി – ബോയിസ് ടൗൺ – പേരാവൂർ – ശിവപുരം – മട്ടന്നൂർ റോഡ് എന്നീ റോഡുകൾ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
3. കൂട്ടുപ്പുഴ പാലം – ഇരുട്ടി – മട്ടന്നൂർ – വായന്തോട്, മേലേ ചൊവ്വ – ചാലോട് – മട്ടന്നൂർ – എയർപ്പോർട്ട് റോഡ് എന്നീ റോഡുകൾ നാലുവരി പാതയാക്കുന്നതിനും കേന്ദ്രത്തിന് ശുപാർശ നൽകും.
4. കിഫ്ബിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് – ചെറക്കള – മയ്യിൽ – ചാലോട് റോഡ് നാലുവരി പാതയാക്കും.
നൂനപക്ഷ പദവിയില്ലാത്ത എയ്ഡഡ് കോളേജുകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് അദ്ധ്യാപക – അനദ്ധ്യാപക നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ അപ്പീൽ ഫയൽചെയ്യാൻ തീരുമാനിച്ചു.
തെൻമല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ശമ്പളം പരിഷ്‌ക്കരിക്കാൻ തീരുമാനിച്ചു.
പകർച്ചവ്യാധി: മന്ത്രിമാർക്ക് ജില്ലകളിൽ ചുമതല
പകർച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാർക്ക് ചുമതല നൽകാൻ തീരുമാനിച്ചു.
തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രൻ
കൊല്ലം – ജെ. മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട – മാത്യു ടി തോമസ്
ആലപ്പുഴ – ജി. സുധാകരൻ
കോട്ടയം – കെ. രാജു
ഇടുക്കി – എം.എം. മണി
എറണാകുളം – സി. രവീന്ദ്രനാഥ്
തൃശൂർ – എ.സി. മൊയ്തീൻ
പാലക്കാട് – എ.കെ. ബാലൻ
മലപ്പുറം – ഡോ. കെ.ടി. ജലീൽ
കോഴിക്കോട് – ടി.പി. രാമകൃഷ്ണൻ
വയനാട് – വി.എസ്. സുനിൽകുമാർ
കണ്ണൂർ – കടന്നപ്പള്ളി രാമചന്ദ്രൻ
കാസർഗോഡ് – ഇ. ചന്ദ്രശേഖരൻ
ഫയർ ആന്റ് റസ്‌ക്യൂ സർവ്വീസസിന് കണ്ണൂർ ആസ്ഥാനമായി പുതിയ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി എട്ട് പുതിയ തസ്തികകൾ സൃഷ്ടിക്കും.