പകര്‍ച്ചവ്യാധികളുടെ  പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന ‘ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം നല്‍കി.  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനത്തിലായത്.
മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും  അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി ആരോഗ്യ വകുപ്പ് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവ ഒത്തൊരുമിച്ചു സംസ്ഥാനത്തൊട്ടാകെ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ജില്ലയിലും മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിന്റെയടിസ്ഥാനത്തില്‍ കളക്ടര്‍മാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യും.
പദ്ധതിയുടെ ഭാഗമായി വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികള്‍ ശക്തമാക്കുകയും ആരോഗ്യസേന രൂപീകരിക്കുകയും  പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. 50 വീടുകള്‍ക്ക് ഒരു ജീവനക്കാരന്‍ എന്ന രീതിയില്‍ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യും. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും.  പ്രചരണത്തിനായി ലഘുലേഖകള്‍, വാട്‌സ് ആപ്പ് ഗ്രൂപ്പ്, ടോള്‍ ഫ്രീ നമ്പര്‍,  ഇതര സംവിധാനങ്ങള്‍  ഉപയോഗപ്പെടുത്തും. ഇതിനായി എല്ലാ വാര്‍ഡുകളിലും ആരോഗ്യസേന സജ്ജമാക്കുകയും വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി ശക്തമാക്കുകയും ചെയ്യും.
സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതരവകുപ്പുകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യ സേന, സന്നദ്ധ സംഘടനകള്‍,  പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് കേരളത്തിലെ  വീടുകള്‍ തോറും ബോധവത്ക്കരണം നല്‍കി ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അടിയന്തിര സന്ദര്‍ഭങ്ങള്‍ സംജാതമായാല്‍ സമയബന്ധിതമായി ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ചികിത്സ നല്‍കുന്നതിനും രോഗം പകരുന്നത് തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
രോഗങ്ങളുടെ നിയന്ത്രണത്തിനും പരിപാലനത്തിനും ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ചികിത്സാ പ്രോട്ടോക്കോളുകള്‍ ലഭ്യമാക്കുക, ഓണ്‍ലൈനായി തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക, ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ പാനലുകള്‍ തയ്യാറാക്കി മറ്റ് ഡോക്ടര്‍മാക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാവുന്ന രീതിയില്‍ സജ്ജരാക്കുക എന്നിവയും ആരോഗ്യ ജാഗ്രത ലക്ഷ്യമിടുന്നു.
ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മിത്ര ടി., സര്‍ക്കാര്‍ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത് സി.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. എല്‍. സരിത എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.