ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം പൂന്തുറ സന്ദര്‍ശിച്ചു. അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്, അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവരടങ്ങിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. പൂന്തുറ ചേരിയാമുട്ടം പ്രദേശങ്ങളില്‍ നിന്നും കടലില്‍ പോയി കാണാതായവരുടെയും മരണമടഞ്ഞവരുടെയും വീടുകളും അവര്‍ സന്ദര്‍ശിച്ചു. പൂന്തുറ സെന്റ് ജോസഫ് പള്ളിയില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, ഫാദര്‍ ജസ്റ്റിന്‍ ജൂഡ് എന്നിവരുടെ സാന്നിധ്യത്തില്‍ ദുരിതബാധിതരുമായും ജനപ്രതിനിധികളുമായും പൊതുപ്രവര്‍ത്തകരുമായും സംഘം ആശയവിനിമയം നടത്തി. സംഘത്തെ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സബ്കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. കേന്ദ്രസംഘം 27ന് ബീമാപള്ളി, വിഴിഞ്ഞം, പൂവാര്‍, പൊഴിയൂര്‍ അടിമലത്തുറ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
