സ്വാമി വിവേകാനന്ദന്റെ ജീവിതം കഥാപ്രസംഗ രൂപത്തില്‍ മലയാളിയെത്തേടിയെത്തിയത് ഇതാദ്യം. കഥാപ്രസംഗ ഇതിഹാസം വി. സാംബശിവന്റെ ഓര്‍മകള്‍ നിലനിറുത്താന്‍ നഗരഹൃദയത്തില്‍ തീര്‍ത്ത സാംബശിവന്‍ സ്‌ക്വയറിലായിരുന്നു വിവേകാനന്ദന്റെ ജീവിതം ഇങ്ങനെ അവതരിക്കപ്പെട്ടത്.
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം കോര്‍പറേഷനും വൈലോപ്പിള്ളി സംസ്‌കൃതിഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാഥികന്‍ മഞ്ചള്ളൂര്‍ ശ്രീകുമാര്‍ സ്വാമി വിവേകാന്ദന്റെ വേഷത്തിലെത്തി കഥ പറഞ്ഞു. കഥാദര്‍ശനം എന്ന കഥാപ്രസംഗം സ്വാമി വിവേകാന്ദന്റെ ജീവിത മുഹൂര്‍ത്തങ്ങളാണ് അനാവരണം ചെയ്തത്.
സ്വാമി വിവേകാനന്ദന്റെ സ്മരണകളെ തിരികെയെത്തിക്കുന്ന നവോത്ഥാന ദൃശ്യസന്ധ്യയും സഹൃദയര്‍ക്ക് വേറിട്ട അനുഭവമായി. ഭാരത് ഭവന്‍ ഒരുക്കിയ സംഗീത നൃത്തശില്‍പം അവതരണത്തിലെ പുതുമയിലൂടെയാണ് ശ്രദ്ധേയമായത്.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം. ആര്‍. ജയഗീത തുടങ്ങിയവര്‍ പങ്കെടുത്തു.