ഗോത്രഭാഷ അറിയുന്ന ഗോത്രവര്‍ഗക്കാരായ ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച  സര്‍ഗോത്സവം സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം നേടി എഴുപതാണ്ട് പിന്നിട്ടിട്ടും ആദിവാസികളായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കാത്തത് അശാസ്യമല്ല. അതു പരിഹരിക്കാന്‍ എല്ലാം ശരിയാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ആദിവാസി മേഖലയില്‍ യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ ടിടിസി യും ബിഎഡും വിജയിച്ച ഗോത്രവര്‍ഗക്കാരായ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ നല്‍കി. ഇത് എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. ഗോത്രവര്‍ഗത്തില്‍പ്പെട്ട നവജാത പെണ്‍കുഞ്ഞുങ്ങള്‍ക്ക് 16 വയസ് പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. പ്രീമിയം തുക സര്‍ക്കാര്‍ നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിക്ക് തുക അനുവദിക്കും. പട്ടികവര്‍ഗ കോളനികളില്‍ കമ്യുണിറ്റി സ്റ്റഡി റൂം നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കും. പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവാസി മലയാളി വ്യവസായികള്‍ക്കു കീഴില്‍ തൊഴില്‍ ഉറപ്പു വരുത്തും. ഒരു ലക്ഷം രൂപ വിദേശത്ത് പോകാന്‍ സര്‍ക്കാര്‍ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കലോത്സവത്തില്‍  പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്ത ഗോത്ര വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന സര്‍ഗോത്സവത്തിന് സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.സര്‍ഗോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. രാജ്യത്തിന്റെ ബഹുസ്വരത്തിലധിഷ്ഠിതമായ സംസ്‌ക്കാരവും മതനിരപേക്ഷതയും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കുട്ടികളിലൂടെ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന സാംസ്‌കാരിക തനിമയും പാരമ്പര്യവും നിലനിര്‍ത്താനാകണമെന്ന് മന്ത്രി പറഞ്ഞു കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.