മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ ദാരുശല്‍പങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തു വകുപ്പിന് രണ്ട് തരത്തിലാണ് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സാധിക്കുക. ഒന്നുകില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുക അല്ലെങ്കില്‍ ഏറ്റെടുക്കുക എന്നതാണ് പുരാവസ്തു വകുപ്പിന്റെ നടപടി ക്രമം. ഇതില്‍ ഏതാണ് ക്ഷേത്രത്തിന് ആവശ്യം എന്നറിയിച്ചു കൊണ്ടുള്ള ക്ഷേത്രം ഭാരവാഹികളുടെ സമ്മതപത്രം ഇതിന് ആവശ്യമാണ്. സമ്മതപത്രം കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ക്ഷേത്രത്തില്‍ സംരക്ഷണമില്ലാത്തെ നശിച്ചു കൊണ്ടിരിക്കുന്ന ദാരുശില്പങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

പുരാവസ്തു വകുപ്പിന് കീഴില്‍ കേരളത്തില്‍ അങ്ങിങ്ങോളമായി പള്ളികളും ക്ഷേത്രങ്ങളും ഗുഹകളും കോട്ടകളും അടക്കം 153 സംരക്ഷിത സ്മാരകങ്ങള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ടോളം സംരക്ഷിത സ്മാരകങ്ങളാണ് ഉള്ളത്. ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സ്മാരകങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. ചന്ദ്രഗിരി കോട്ട സംരക്ഷണത്തിന് സര്‍ക്കാര്‍ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതില്‍ 64.78 ലക്ഷം രൂപ ചെലവഴിച്ചുള്ള സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ഒരു കോടിയോളം താളിയോലകളും പുരാവസ്തു വകുപ്പിന് കീഴില്‍ സൂക്ഷിക്കുന്നുണ്ട്. ഇത്തരം ചരിത്ര രേഖകളെ അതീവ പ്രാധാന്യത്തോടെയാണ് വിദേശികള്‍ കാണുന്നത്. ഇതിന്റെ മൂല്യം മനസ്സിലാക്കുന്നതി ന് പ്രബുദ്ധ കേരളവും തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു.