കൊച്ചി: ജനറൽ എഞ്ചിനീയറിംഗ് രംഗത്തെ നവ കാഴ്ചപ്പാടുകളുമായി ഏകദിന ശിൽപശാല ശ്രദ്ധേയമായി. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ബിപിന്റെ സഹകരണത്തോടെ നടത്തിയ ശിൽപശാലയാ ണ് നൂതനാവിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധേയമായത്. രാവിലെ 10.30 ആരംഭിച്ച ശിൽപശാലയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനാണ് നിർവഹിച്ചത്. തുടർന്നാണ് വിദഗ്ദർ നയിച്ച ക്ലാസുകൾ നടന്നത്. വെൽഡിങ്ങ് രംഗത്തെ മുന്നൊരുക്കങ്ങൾ എന്ന വിഷയത്തിൽ ട്രിച്ചി വെൽഡിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഡോ. പി. ആർ. വെങ്കിടേശ്വരനാണ് ആദ്യ ക്ലാസ് നയിച്ചത്. തുടർന്ന് ഉൽപാദനവും ഗുണമേൻമയും വർധിപ്പിക്കുന്നതിനെ തന്ത്രങ്ങളെ കുറിച്ച് ട്രിച്ചി വെൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി മാനേജർ കെ ഗണേഷ് കുമാറും, എംഎസ് എം ഇ രംഗത്തെ അവസരങ്ങളെ കുറിച്ച് തിരുവനന്തപുരം വി എസ് എസ് സി യിലെ ശാസ്ത്രജ്ഞൻ എസ് മോഹനും ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ക്ലാസുകൾക്ക് തിരുവനന്തപുരം വി.എസ്.എസ്.സി യിലെ ജേക്കബ് ഫിലിപ്പ്, ശിവൻകുട്ടി, എം.എസ്.എം.ഇ ഡപ്യൂട്ടി മാനേജർ ജി.എസ്.പ്രകാശ്, മനേഷ് മോഹൻ എന്നിവരും നേതൃത്വം നൽകി. എഞ്ചിനീയറിംഗ് രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ മനസിലാക്കുക, സാധ്യതകൾ മെച്ചപ്പെടുത്തുക, അവസരങ്ങൾ വർധിപ്പിക്കുക, ആഗോള കമ്പനികളുമായി കുടുതൽ ബന്ധം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും സംരംഭകരുമായി ഇരുനൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.