കാക്കനാട് : കാന വൃത്തിയാക്കാത്തത് മൂലം വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ശാപമോക്ഷം. കണ്ണംകുളങ്ങര കരിയിലംമ്പാടം പ്രദീപിന്റെ വീട് മുതൽ തെക്കോട്ട് വെള്ളക്കിനാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പനക്കൽ പുറമ്പോക്ക് തോട് വരെയുള്ള കാന വൃത്തിയാക്കാൻ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് കളക്ടർ നിദേശം നൽകി. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി.

കാന അടിയന്തരമായി വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകുന്നതിനും മഴ പെയ്യുമ്പോൾ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

വെള്ളക്കെട്ടിൽ മൂന്ന് വർഷമായി 20 കുടുംബങ്ങളാണ് ഇവിടെ നരക ജീവിതം നയിച്ചത്. ജൂണിൽ മഴ തുടങ്ങിയാൽ പിന്നെ എട്ടുമാസത്തെ വെള്ളക്കെട്ടാണ്. പുതുതായെത്തിയ താമസക്കാരാണ് നാട്ടിലൂടെ ഒഴുകുന്ന തോടിനു തടയിട്ടത്. വെള്ളത്തിന് ഒഴുകാൻ വഴി ഇല്ലാതായപ്പോൾ മുതലാണ് ഇവരുടെ ദുരിത ജീവിതം ആരംഭിച്ചത്.